അരിക്കൊമ്പന്‍ ആക്രമണവും നിരോധനാജ്ഞയും 'റൂമര്‍' മാത്രമെന്ന് തേനി ഡിഎഫ്ഒ

തേനി- അരികൊമ്പന്‍ ആക്രമണവും നിരോധനാജ്ഞയും ആനയെ പിടിക്കുമെന്ന വാര്‍ത്തയുമെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് മേഘമല ഉള്‍പ്പെടുന്ന തേനി ഡി എഫ് ഒ എസ് ഗൗതം. ആന ആ പ്രദേശത്ത് എത്തിയിരുന്നു എന്ന് സ്ഥിരീകരിച്ച അദ്ദേഹം അരികൊമ്പന്‍ ഇതുവരെ ഏതെങ്കിലും വീടോ, ഫോറസ്റ്റ് വാഹനങ്ങളോ, മനുഷ്യരെയോ ആക്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. നിലവില്‍ മേഘമലയിലോ മറ്റെവിടെയിങ്കിലുമൊ അരികൊമ്പന്‍ ആക്രമണത്തിന്റെ പേരില്‍ നിരോധനാജ്ഞയോ കര്‍ഫ്യുവോ പ്രഖ്യാപിച്ചിട്ടില്ല. ആവശ്യമെങ്കില്‍ അത്തരം സാഹചര്യങ്ങള്‍ പരിശോധിക്കും. നിലവില്‍ നാട്ടുകാരോടും ടൂറിസ്റ്റുകളോടും ജാഗ്രത പുലര്‍ത്താന്‍ മാത്രമാണ് നിര്‍ദേശിച്ചിരിക്കുന്നത്.
അരിക്കൊമ്പന്‍ ആക്രമണം നടത്തി എന്ന വാര്‍ത്ത നാട്ടുകാര്‍ പ്രചരിപ്പിക്കുന്ന അഭ്യൂഹങ്ങള്‍ മാത്രമാണ്. ആനയെ പിടികൂടാന്‍ തമിഴ്‌നാടിന് ആലോചനയില്ല. ഹൈക്കോടതി വരെ ഇടപെട്ട കേസാണ്. ആനയെ തിരികെ പെരിയാര്‍ വനത്തിലേക്ക് അയക്കാന്‍ മാത്രമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആന കഴിഞ്ഞ രാത്രി മേഘമലയില്‍ എത്തി കൃഷിയിടങ്ങളില്‍ കയറിയെങ്കിലും തുരത്തിയോടിച്ചു. ഇപ്പോള്‍ ആന ഇവിടെ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആനയെ തമിഴ്‌നാട് പിടിക്കാന്‍ ആലോചിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കേരളത്തിലെ ഹൈകോടതിവരെ ഇടപെട്ട കേസില്‍ അത്തരം ആലോചനകള്‍ ഒന്നും നടന്നിട്ടില്ല എന്ന് മാത്രമല്ല ആനയെ തിരികെ കാട്ടിലേക്ക് അയക്കാന്‍ മാത്രമാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത് എന്നും നിലവില്‍ ആന ഈ പ്രദേശത്ത് ഇല്ല എന്നും പറഞ്ഞു.