LogoLoginKerala

കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസം; ജൂലൈ മാസ ശമ്പളം അടുത്ത ആഴ്ചയോടെ

 
ksrtc

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് അടുത്ത ആഴ്ചയോടെ ജൂലൈ മാസത്തെ ശമ്പളം നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 
ഈ മാസം 22നുള്ളിൽ ശമ്പളം നൽകാനാണ് ധാരണ. യൂണിയനുകളുമായി നടത്തിയ മന്ത്രിതല ചർച്ചയിലാണ് ധാരണയായത്.

ഓണം അലവൻസും പരിഗണനയിലുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി. അതേസമയം അലവൻസ് തുക എത്ര നൽകണമെന്ന് മാനേജ്‌മെന്റ് തീരുമാനിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു.

കെഎസ്ആർടിസി ജീവനക്കാർക്കുള്ള ശമ്പള വിതരണത്തിൽ വീണ്ടും അനിശ്ചിതത്വം നേരിട്ട സാഹചര്യത്തിൽ ഗതാഗത മന്ത്രി ആന്റണി രാജുവുമായി സംഘടനാ നേതാക്കൾ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തീരുമാനം.

ഓഗസ്റ്റ് പകുതി കഴിഞ്ഞിട്ടും കെഎസ്ആർടിസി ജീവനക്കാർക്കുള്ള ജൂലൈ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. നേരത്തെ ശമ്പള വിതരണത്തിനായി 30 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ, ദിവസങ്ങൾ പിന്നിട്ടിട്ടും ഈ തുക കെഎസ്ആർടിസിയുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടില്ലെന്നാണ് ആക്ഷേപം.

അതേസമയം, ഇത് സംബന്ധിച്ച ഫയൽ സെക്രട്ടറി ധനകാര്യ വിഭാഗത്തിൽ നിന്ന് ഇതുവരെ നീങ്ങിയിട്ടില്ല. ചില ഉദ്യോഗസ്ഥർ മനപ്പൂർവ്വം വൈകിപ്പിക്കുന്നുണ്ടെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.