LogoLoginKerala

'നിര്‍ഭാഗ്യത്തിന് ഞാനൊരു എം.പി ആയിപ്പോയില്ലേ' അറംപറ്റിയ രാഹുലിന്റെ വാക്കുകള്‍

 
rahul gandhi

ന്യൂദല്‍ഹി- 'നിര്‍ഭാഗ്യത്തിന് ഞാനൊരു എം.പി ആയിപ്പോയില്ലേ' രാഹുല്‍ ഗാന്ധിയുടെ നാവില്‍ നിന്ന് അബദ്ധത്തില്‍ വന്നു പോയതാണ് ഈ വാക്കുകള്‍. ഇപ്പോള്‍ രാഹുലിനെ അയോഗ്യനാക്കിയതോടെ അദ്ദേഹത്തിന്റെ വാക്കുകള്‍ അറംപറ്റിയെന്ന് പരിഹസിക്കുകയാണ് രാ്ഷ്ട്രീയ എതിരാളികള്‍. 
ലോക്‌സഭയില്‍ സംസാരിക്കാന്‍ അനുവദിക്കത്തതിനെ തുടര്‍ന്ന് മാധ്യമങ്ങളെ കണ്ടപ്പോഴാണ് നിര്‍ഭാഗ്യത്തിന് ഞാനൊരു എം.പിയാണല്ലോ എന്ന് രാഹുലിന്റെ നാവില്‍നിന്നു വന്നത്. ഉടന്‍ തന്നെ കൂടെ ഉണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് തിരുത്തുന്ന വീഡിയോ പ്രചരിക്കുകയും ചെയ്തു. നിങ്ങളുടെ ദൗര്‍ഭാഗ്യത്തിന് ഞാനൊരു എം.പിയായിപ്പോയില്ലേ എന്ന് രാഹുല്‍ പിന്നീട് തിരുത്തി. ബി.ജെ.പിക്കാര്‍ പരിഹസിക്കാനും വിമര്‍ശിക്കാനും ഉപയോഗിക്കുമെന്ന് പറഞ്ഞാണ് ജയറാം രമേശ് രാഹുലിനെ തിരുത്തിയത്. പ്രതീക്ഷിച്ചതു പോലെ ബി.ജെ.പി നേതാക്കള്‍ പരിഹാസവും തമാശയുമായി രംഗത്തുവരികയും ചെയ്തു.
രാഹുല്‍ ഗാന്ധിക്ക് സംഭവിക്കുന്ന ഇത്തരം നാക്കുപിഴകള്‍ അദ്ദേഹത്തിന്റെ പക്വതക്കുറവായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. മോദി പ്രയോഗത്തിലും ഇത്തരമൊരു തിരിച്ചറിവില്ലായ്മയാണ് സംഭവിച്ചതെന്നാണ് വിമര്‍ശകര്‍ പറയുന്നത്.