ഉമ്മന്‍ ചാണ്ടിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധി നാളെ പുതുപ്പള്ളിയില്‍
ഉമ്മന്‍ ചാണ്ടിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധി നാളെ പുതുപ്പള്ളിയിലെത്തും. രാഹുല്‍ നാളെ പുതുപ്പള്ളിയിലെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കും. ഡല്‍ഹിയലുള്ള രാഹുല്‍ വ്യാഴാഴ്ച്ച പുതുപ്പള്ളിയില്‍ എത്തുമെന്ന് എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചു.
ഉമ്മന്‍ ചാണ്ടിക്ക് അന്ത്യ വിശ്രമത്തിനായി പുതുപ്പള്ളിയില്‍ പ്രത്യേക കല്ലറയാണ് ഒരുക്കിയിരിക്കുന്നത്. സംസ്‌കാരം പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ മൂന്നരയ്ക്ക് നടക്കും. തിരുവനന്തപുരത്തെ പൊതു ദര്‍ശനത്തിനു ശേഷം അന്ത്യ വിശ്രമത്തിനായി ഭൗതിക ശരീരം കോട്ടയത്തേക്ക് തിരിച്ചു.
വിലാപയാത്രയിലുടനീളം വന്‍ ജനാവലിയാണ് തങ്ങളുടെ പ്രിയ നേതാവിനെ കാണാന്‍ റോഡിന്റെ ഇരു വശവും തടിച്ചു കൂടിയത്. ജനങ്ങളുടെ പ്രിയപ്പെട്ടവനെ അവസാനമായി കണ്ട് യാത്ര പറയാന്‍ നാടും കാത്തിരിക്കുകയാണ്. ഓരോ പോയിന്റിലും വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ദൂരം കുറവാണെങ്കിലും വളരെയധികം സമയമെടുത്താണ് വാഹനം നീങ്ങുന്നത്. 23 കിലോമീറ്റര്‍ പിന്നിടാന്‍ മാത്രം അഞ്ചര മണിക്കുറിലധികം സമയമാണ് എടുത്തത്.
ബുധനാഴ്ച വൈകുന്നേരം കോട്ടയത്ത് തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷം രാത്രിയോടെയാകും പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ എത്തിക്കുക. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴിയാകും വിലാപയാത്ര കോട്ടയത്തെത്തുക.