LogoLoginKerala

ഇത് താല്‍ക്കാലിക പരിഹാരമോ? പി ടി സെവനെ തളച്ചാലും ധോണിയിലുള്ളവര്‍ ആനപ്പേടിയില്‍ കഴിയണോ? ദൗത്യം വിജയമെന്ന് മന്ത്രി തന്നെ പറയുമ്പോഴും വീണ്ടും ആന ഇറങ്ങാം എന്ന ഭയത്താലാണ് ധോണിയിലുള്ളവര്‍..

 
PT Seven

 

കഴിഞ്ഞ ഏഴുമാസമായി പാലക്കാട് ധോണി നിവാസികളുടെ പേടി സ്വപ്നമായിരുന്നു പി.ടി. സെവന്‍. 2022 ജൂലൈ എട്ടിന് പ്രഭാത സവാരിക്കിറങ്ങിയ ശിവരാമനെ കൊലപ്പെടുത്തിയ ആന പിന്നീട് കണ്ടതെല്ലാം തകര്‍ത്തു. കൃഷിയിടങ്ങളെല്ലാം തകര്‍ക്കുകയും നാട്ടുകാരുടെ ജീവന് തന്നെ ഭീഷണിയായി തുടര്‍ന്നപ്പോഴാണ് പ്രതിഷേധം അണപൊട്ടിയത്. മയക്കുവെടിവച്ച് ആനയെ പിടികൂടാനുള്ള തീരുമാനം മാസങ്ങള്‍ക്കു മുന്‍പേ എടുത്തിരുന്നെങ്കിലും പിന്നീടു വനംവകുപ്പ് നിലപാട് മാറ്റി. ജനരോഷം ശക്തമായതിനെ തുടര്‍ന്ന് വീണ്ടും ആനയെ തളയ്ക്കാന്‍ ദൗത്യസംഘം ഇറങ്ങുകയായിരുന്നു.   

PT 7 ചെങ്കുത്തായ സ്ഥലത്ത്'; പിടികൂടാനുള്ള ശ്രമം ഇനി നാളെ രാവിലെ | rapid  response team at forest to trap PT 7 elephant


ചീഫ് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സഖറിയ ആണ് 75 അംഗ ദൗത്യസംഘത്തിന് നേതൃത്വം നല്‍കുന്നത്. രാവിലെ 7.40ഓടെ പി.ടി.ഏഴാമനെ മയക്ക് വെടി വെച്ചു. മയക്ക് വെടി കൊണ്ട പിടി സെവനെ കൂട്ടിലെത്തിക്കാന്‍ മുത്തങ്ങയില്‍ നിന്ന് വിക്രം, ഭരതന്‍, സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. രണ്ട് കുങ്കികള്‍ രണ്ടു വശത്തു നിന്നു തള്ളുകയും മറ്റൊന്ന് പിന്നില്‍ നിന്ന് ഉന്തിയുമാണു ലോറിയില്‍ കയറ്റുക. ചെങ്കുത്തായ മലയിടുക്കില്‍ നിലയുറപ്പിച്ചതിനെ തുടര്‍ന്ന് പി.ടി.ഏഴാമനെ പിടികൂടാനുള്ള ശ്രമം ഇന്നലെ അവസാനിപ്പിക്കുകയായിരുന്നു. 

മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിര്‍ത്തിക്കടുത്ത് കണ്ടെത്തിയ ഒറ്റയാന്‍ വനംവകുപ്പിന്റെ നിരീക്ഷണവലയത്തിലായിരുന്നു. പി.ടി.ഏഴാമനെ മയക്കുവെടിവച്ചതില്‍ സന്തോഷം പങ്കുവച്ച നാട്ടുകാര്‍, നാളുകളായുള്ള ആശങ്കയ്ക്ക് താല്‍കാലിക പരിഹാരമായെന്ന് പറയുന്നുണ്ടെങ്കിലും നഷ്ടപ്പെട്ട കൃഷിയ്ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവും മുന്നോട്ട് വെക്കുന്നുണ്ട്.