LogoLoginKerala

രാഹുല്‍ ഗാന്ധി സൂറത്ത് കോടയില്‍ നാളെ അപ്പീല്‍ നല്‍കും, നേരിട്ട് ഹാജരാകും

 
rahul

ന്യൂഡല്‍ഹി-  'മോദി' പരാമര്‍ശത്തില്‍ തടവുശിക്ഷ വിധിച്ച സൂറത്ത് കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധി നാളെ അപ്പീല്‍ നല്‍കും.  സൂറത്ത് സെഷന്‍സ് കോടതിയിലാണ് അപ്പീല്‍ നല്‍കുക. സെഷന്‍സ് കോടതിയില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകുമെന്നാണ് വിവരം. രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസില്‍ സൂറത്ത് വിധിക്കെതിരെ ഏപ്രില്‍ അഞ്ചിന് മുമ്പ് അപ്പീല്‍ സമര്‍പ്പിക്കുമന്ന് അറിയിച്ചിരുന്നു. 'എല്ലാ മോഷ്ടാക്കള്‍ക്കും മോദി എന്നു പേരുള്ളതെന്തുകൊണ്ട്' എന്ന പരാമര്‍ശം മോദി വിഭാഗത്തിന് അപകീര്‍ത്തിയുണ്ടാക്കിയതിന്റെ പേരിലാണു രാഹുല്‍ ഗാന്ധിക്ക് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി 2 വര്‍ഷം തടവുശിക്ഷ വിധിച്ചത്. ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണേശ് മോദി നല്‍കിയ അപകീര്‍ത്തി കേസിലായിരുന്നു വിധി. അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തേക്കു ശിക്ഷ സ്റ്റേ ചെയ്ത കോടതി, രാഹുലിനു 15,000 രൂപയുടെ ജാമ്യം അനുവദിച്ചിരുന്നു. ശിക്ഷാനടപടി മരവിപ്പിച്ചെങ്കിലും വിധി നിലനില്‍ക്കുന്നതിനാല്‍ എംപി സ്ഥാനത്തുനിന്നു രാഹുല്‍ അയോഗ്യനാക്കപ്പെട്ടു.
മനു അഭിഷേക് സിങ് വി ഉള്‍പ്പെടുന്ന കോണ്‍ഗ്രസിന്റെ നിയമ വിഭാ?ഗം രാഹുലിനെതിരായ എല്ലാ കേസുകളും ഏറ്റെടുത്തിരിക്കുന്നത്. മോദി പരാമര്‍ശത്തിനെതിരെ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് പാട്‌ന കോടതി രാഹുലിന് നോട്ടീസ് അയച്ചിരുന്നു. 'മോദി' സമുദായത്തെ അപമാനിച്ചു എന്ന കേസില്‍ ഈ മാസം 12 ന് ഹാജരാകാന്‍ പാട്‌നയിലെ പ്രത്യേക കോടതി രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു.
കോടതിവിധിയെ തുടര്‍ന്നുണ്ടായ അയോഗ്യതയുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ ഐക്യം ശക്തിപ്പെട്ടതിനു പിന്നാലെയാണു നിയമനടപടിയുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകുന്നത്.