LogoLoginKerala

സ്വപ്‌നാ സുരേഷിനെതിരെ എം വി ഗോവിന്ദന്‍ കോടതിയിലേക്ക്, അടുത്ത ആഴ്ച പരാതി നല്‍കും

നടപടി വക്കീല്‍ നോട്ടീസിനെ സ്വപ്‌ന പുച്ഛിച്ചു തള്ളിയ സാഹചര്യത്തില്‍
 
govindan swapna

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ കോടതിയിലേക്ക്. വക്കീല്‍ നോട്ടീസിന് മറുപടി നല്‍കാത്ത സാഹചര്യത്തില്‍ അടുത്താഴ്ച കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനാണ് തീരുമാനം. ഇപ്പോള്‍ തിരുവനന്തപുരത്തുള്ള എം വി ഗോവിന്ദന്‍ അടുത്ത ആഴ്ച കണ്ണൂരിലെത്തിയ ശേഷം നേരിട്ട് കോടതിയില്‍ ഹാജരായി സ്വപ്‌ക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യും. വിജേഷ് പിള്ളക്കെതിരെയും കേസ് ഫയല്‍ ചെയ്യും.
മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങളില്‍നിന്ന് പിന്മാറിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞെന്ന് കാട്ടി വിജേഷ് പിള്ള തന്നെ സമീപിച്ചെന്ന ഗുരുതര ആരോപണം ഉന്നയിച്ച സ്വപ്‌ന സുരേഷിനെതിരെ എം.വി. ഗോവിന്ദന്‍, രണ്ടാഴ്ച മുമ്പ് മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഒരു കോടി രൂപ നഷ്ടപരിഹാരവും, പരസ്യ മാപ്പപേക്ഷയുമാണ് ആവശ്യപ്പെട്ടിരുന്നത്.
ആരോപണം ഉന്നയിച്ചതിനെതിരെ അഡ്വ. നിക്കോളസ് ജോസഫ് മുഖേനയാണ് നോട്ടീസ് അയച്ചത്. സ്വപ്‌നക്കും വിജേഷ് പിള്ളക്കും നോട്ടീസ് അയച്ചിരുന്നു. ഇരുവരും ഇതുവരെ മറുപടി നല്‍കിയിട്ടില്ല. എന്നാല്‍, സ്വപ്‌നയുടെ മറുപടി എന്ന നിലയില്‍ ചാനലുകളില്‍ തുടര്‍ച്ചയായി പല കാര്യങ്ങളും പ്രചരിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയേയും നേതാക്കളെയും തുടര്‍ച്ചയായി അപകീര്‍ത്തിപ്പെടുത്തുന്ന സ്വപ്‌നക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് കഴിഞ്ഞ ദിവസം നടന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് അദ്ദേഹത്തിന് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി ഉള്‍പ്പെടെ മുന്‍ മന്ത്രിസഭയിലെ പല പ്രമുഖര്‍ക്കെതിരെയും മുന്‍ സ്പീക്കര്‍ക്കെതിരെയും സ്വപ്‌ന ഗുരുതരമായ ആരോപണങ്ങള്‍ പല തവണ പൊതുമാധ്യമങ്ങളില്‍ ആവര്‍ത്തിച്ചിട്ടും അവരാരും അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യാത്തത് പൊതുസമൂഹത്തിലും പാര്‍ട്ടി അണികള്‍ക്കിടയിലും ചര്‍ച്ചാ വിഷയമായിരുന്നു. എന്നാല്‍ എം.വി. ഗോവിന്ദനെതിരെ ആരോപണമുയര്‍ത്തിയപ്പോള്‍, ഒന്നല്ല, ആയിരം തവണ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നാണദ്ദേഹം നിലപാടെടുത്തത്. ഇതിന് പിന്നാലെ വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു. മാത്രമല്ല, വിവാദ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ. സന്തോഷ്, സ്വപ്‌നക്കും വിജേഷ് പിള്ളക്കുമെതിരെ നല്‍കിയ പരാതിയില്‍ ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുമുണ്ട്. റൂറല്‍ എസ്.പി ഹേമലതയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.