LogoLoginKerala

മണിപ്പൂരിലെത്തിയ രാഹുല്‍ ഗാന്ധിയെ പോലീസ് വഴിയില്‍ തടഞ്ഞു

റോഡ് മാര്‍ഗം യാത്ര ചെയ്യുന്നത് സുരക്ഷക്ക് ഭീഷണിയെന്ന് പോലീസ്
 
rahul at manipur

ഇംഫാല്‍- കലാപത്തീയില്‍ ഉരുകുന്ന മണിപ്പൂരിന് സ്‌നേഹസാന്ത്വനവുമായി എത്തിയ രാഹുല്‍ ഗാന്ധിയെ മണിപ്പൂര്‍ പൊലീസ് വഴിയില്‍ തടഞ്ഞു. ചുരാചന്ദ്പൂരിലേക്ക് റോഡ് മാര്‍ഗം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. റോഡില്‍ ബാരിക്കേഡ് വച്ച പൊലീസ് ഇത് നീക്കാന്‍ തയ്യാറായില്ല. കോണ്‍ഗ്രസ് നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ സംസാരിക്കുകയാണ്. വിഷണുപൂരില്‍ രാഹുല്‍ ഗാന്ധിയും സംഘവും എത്തിയപ്പോഴാണ് പൊലീസ് തടഞ്ഞത്. ചുരാചന്ദ്പൂരിന് 33 കിലോമീറ്റര്‍ അകലെ വച്ചാണ് രാഹുലിനെയും സംഘത്തെയും പൊലീസ് തടഞ്ഞത്. ഇവിടെ ഇപ്പോഴും നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ വാക്കുതര്‍ക്കം നടക്കുകയാണ്. രാഹുല്‍ പോകുന്ന മേഖലയില്‍ ജനം ആയുധങ്ങളുമായി അക്രമാസക്തരായി നില്‍ക്കുകയാണെന്നും കടത്തി വിടാന്‍ ആകില്ലെന്നുമുള്ള ഉറച്ച നിലപാടിലാണ് പൊലീസ്. റോഡിലൂടെയുള്ള യാത്ര മാറ്റി പകരം ഹെലികോപ്റ്ററില്‍ യാത്ര ചെയ്യാനാണ് പോലീസ് നല്‍കുന്ന ഉപദേശം. രാഹുല്‍ ഇത് സ്വീകരിച്ചിട്ടില്ല.

രാവിലെ ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട രാഹുല്‍ 11 മണിയോടെയാണു തലസ്ഥാനമായ ഇംഫാലില്‍ എത്തിയത്. റോഡ് മാര്‍ഗം സഞ്ചരിച്ച് കുക്കി മേഖലയായ ചുരാചന്ദ്പുരാണ് ആദ്യം സന്ദര്‍ശിക്കാനുദ്ദേശിച്ചത്.  സുരക്ഷാപ്രശ്‌നങ്ങളുണ്ടെന്ന് മണിപ്പുര്‍ പൊലീസ് ഇംഫാലില്‍ വെച്ചു തന്നെ പറഞ്ഞെങ്കിലും തീരുമാനത്തില്‍ മാറ്റമില്ലെന്നു രാഹുല്‍ അറിയിച്ചു. ഇന്ന് മണിപ്പുരില്‍ തങ്ങുന്ന രാഹുലിന്റെ കൂടെ, കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമുണ്ട്. 

വിദ്വേഷം പടര്‍ന്ന മണിപ്പുര്‍ സമൂഹത്തില്‍ സ്‌നേഹത്തിന്റെ സന്ദേശവുമായാണ് രാഹുല്‍ എത്തുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. മണിപ്പുര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുമ്പോഴാണ് രാഹുലിന്റെ സന്ദര്‍ശനമെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ഉച്ചയ്ക്കു ശേഷം ഇംഫാലിലേക്കു മടങ്ങുന്ന രാഹുല്‍ മെയ്‌തെയ് അഭയാര്‍ഥി ക്യാംപുകള്‍ സന്ദര്‍ശിക്കുകയും മെയ്‌തെയ് നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്യാനാണ് തീരുമാനം.
കോണ്‍ഗ്രസ് നേതാക്കളായ മുകുള്‍ വാസ്‌നിക്, സുദീപ് റോയ് ബര്‍മന്‍, അജോയ് കുമാര്‍ എന്നിവരടങ്ങിയ വസ്തുതാന്വേഷണ സമിതിയെ നേരത്തേ എഐസിസി അധ്യക്ഷന്‍ മണിപ്പുര്‍ വിഷയം പഠിക്കാന്‍ അയച്ചിരുന്നെങ്കിലും കുക്കി വിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നില്ല. എംപിമാരായ ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസും മണിപ്പുരില്‍ അനൗദ്യോഗിക സന്ദര്‍ശനം നടത്തിയിരുന്നു. ഒരാഴ്ചയായി രാഹുലിന്റെ ടീം മണിപ്പുരിലുണ്ട്.