എഴുതാത്ത പരീക്ഷയില്‍ പാസാക്കിയതിന് മറുപടി പറയേണ്ടത് പരീക്ഷാ കണ്‍ട്രോളറെന്ന് ആര്‍ഷോ

കൊച്ചി- പരീക്ഷയെഴുതാത്ത തന്നെ വിജയിപ്പിച്ചതിന് മറുപടി പറയേണ്ടത് പരീക്ഷാ കണ്‍ട്രോളറാണെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. തന്നോടുള്ള സ്‌നേഹത്തിന്റെ പേരില്‍ പസാക്കിയിട്ടുണ്ടെങ്കില്‍ അത് പരീക്ഷാ കണ്‍ട്രോളറായിരിക്കും. അവര്‍ക്ക് തന്നോട് ഇത്ര സ്‌നേഹമുണ്ടെന്ന് അറിയില്ലായിരുന്നു. അവരാണ് വ്യക്തത വരുത്തേണ്ടത്. പ്രിന്‍സിപ്പാള്‍ പറയുന്നതു പോലെ ചിലപ്പോള്‍ സാങ്കേതിക പിഴവായിരിക്കാം. അല്ലെങ്കില്‍ വിവാദമുണ്ടാക്കാന്‍ ആരെങ്കിലും കരുതിക്കൂട്ടി ചെയ്തതായിരിക്കും. എഴുതാത്ത പരീക്ഷ പാസാക്കിത്തരണമെന്നാവശ്യപ്പെട്ട് ഈ കാലഘട്ടത്തില്‍ ആരെയെങ്കിലും വിളിക്കാനുള്ള ബോധവും ബുദ്ധിയുമില്ലാത്ത ഒരാളാണ് താനെന്ന് കരുതുന്നില്ല. എല്ലാ വിഷയത്തിനും പൂജ്യം മാര്‍ക്ക് രേഖപ്പെടുത്തിയിരിക്കുന്ന ഒരു മാര്‍ക്ക് ലിസ്റ്റിന് എന്ത് വിലയാണുള്ളതെന്നും ആര്‍ഷോ ചോദിക്കുന്നു.
പരീക്ഷയെഴുതുന്ന സമയത്ത് തനിക്ക് എറണാകുളത്ത് പ്രവേശിക്കാന്‍ കഴിയില്ലായിരുന്നു. എറണാകുളം ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന ജാമ്യ ഉപാധിയുണ്ടായിരുന്നതിനാലാണത്. പരീക്ഷ നടത്തുമ്പോള്‍ താന്‍ ജില്ലയില്‍ തന്നെയില്ല. എഴുതാത്ത പരീക്ഷയായതിനാല്‍ മാര്‍ക്ക് ലിസ്റ്റ് പരിശോധിച്ചതുമില്ല. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍ മാത്രമാണ് വിവരം അറിയുന്നതെന്നും ആര്‍ഷോ പറഞ്ഞു.