പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനം മതചടങ്ങാക്കി, മതേതര രാജ്യത്ത് പാടില്ലാത്തതെന്ന് പിണറായി
കോഴിക്കോട്- പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന സമയത്ത് നടന്ന കാര്യങ്ങള്‍ മതേതര രാജ്യത്ത് ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യ ഒരു മതേതര റിപ്പബ്ലിക്കാണ്. മതപരമായ ചടങ്ങ് പോലെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. രാജ്യത്ത് മതനിരപേക്ഷത ആക്രമിക്കപ്പെടുമ്പോള്‍ നിഷ്പക്ഷരാവരുതെന്നും അത് അധര്‍മ്മത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് എം.പി. വീരേന്ദ്രകുമാര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ രാജ്യം ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. ജനാധിപത്യത്തിന് പല രീതിയിലുള്ള ഭീഷണിയുയരുന്ന കാലമാണിത്. രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാന്‍ ബാധ്യതയുള്ള കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ജനാധിപത്യ വിരുദ്ധമായ കാര്യങ്ങള്‍ നടക്കുന്നു. രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കാന്‍ ആര്‍ എസ് എസ് ആഗ്രഹിക്കുന്നില്ല. ഈ വ്യവസ്ഥ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ആര്‍ എസ് എസ് നടത്തുന്നത്. എല്ലാം ഞങ്ങളുടെ കാല്‍ക്കീഴിലാവണം എന്നാണ് ബി ജെ പി ആഗഹിക്കുന്നത് ജുഡീഷ്യറിയെ കാല്‍ക്കീഴിലാക്കാക്കാനുള്ള ശ്രമങ്ങള്‍ വരെ നടന്നു. ഭരണഘടനാ സ്ഥാപനങ്ങളെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമം നടക്കുന്നു. പാര്‍ലമെന്റിന് പോലും കൃത്യമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. വ്യത്യസ്ത ശബ്ദങ്ങള്‍ കേള്‍ക്കാനും ഉള്‍ക്കൊള്ളാനും ഭരിക്കുന്ന പാര്‍ട്ടിക്ക് കഴിയേണ്ടതുണ്ട്, പക്ഷെ എല്ലാം തങ്ങളുടെ താല്‍പര്യത്തിന് പ്രവര്‍ത്തിക്കണമെന്നാണ് കേന്ദ്ര താല്‍പര്യം. ഫലപ്രദമായ ചര്‍ച്ചകള്‍ പോലും പാര്‍ലമെന്റില്‍ ഉണ്ടാവുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
നമ്മുടെ രാജ്യത്ത് മതനിരപേക്ഷത വലിയ തോതില്‍ ആക്രമിക്കപ്പെടുന്നു. മതാധിഷ്ഠിത രാഷ്ട്രമാവണമെന്നാണ് ഭരിക്കുന്നവര്‍ ആഗ്രഹിക്കുന്നത്. അതിന്റെ പ്രതിഫലനമാണ് ഇന്ന് പാര്‍ലമെന്റില്‍ കണ്ടത്. മതനിരപേക്ഷത തകര്‍ക്കാന്‍ വലിയ ശ്രമങ്ങള്‍ ഉണ്ടാവുന്നു. മത ന്യൂനപക്ഷങ്ങള്‍ വലിയ തോതില്‍ വേട്ടയാടപ്പെടുന്നു. നമ്മുടെ രാജ്യം ഇന്ന് വലിയ വെല്ലുവിളികളാണ് നേരിടുന്നത്. സോഷ്യലിസ്റ്റ് വീക്ഷണം ഉള്‍പ്പെടെ വെല്ലുവിളിക്കപ്പെടുന്നു. അധികാരം കൂടുതലായി കേന്ദ്രത്തിലേക്കാണ് കേന്ദ്രീകരിക്കപ്പെടുന്നത്. കേന്ദ്രവും സംസ്ഥാനവും ഒരു പോലെ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളില്‍ സംസ്ഥാനവുമായി യാതൊരു ആലോചനയും ഉണ്ടാവുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.