LogoLoginKerala

മുന്‍ എസ് എഫ് ഐ നേതാവ് പി എച്ച് ഡി പ്രവേശനം നേടിയത് സംവരണം അട്ടിമറിച്ച്

 
vidya k

കൊച്ചി-ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ രേഖയുണ്ടാക്കിയ കെ വിദ്യ  കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ പി.എച്ച്.ഡി. നിയമനം നേടിയത് സംവരണം അട്ടിമറിച്ച്. ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കെ. വിദ്യയുടെ ഗവേഷണ ഗൈഡ് സ്ഥാനത്ത് നിന്ന് ബിച്ചു എക്സ്. മലയില്‍ പിന്മാറി.

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല എസ്സി-എസ്ടി സെല്ലാണ് വിദ്യ  സംവരണം അട്ടിമറിച്ചെന്ന് കണ്ടെത്തിയത്. 2020-ലാണ് എസ്സി-എസ്ടി സെല്‍ സര്‍വകലാശാലയ്ക്ക് ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് കൈമാറിയിട്ടുള്ളത്. സംവരണ അട്ടിമറിക്കായി സര്‍വകലാശാല വൈസ് ചാന്‍സലറുടെ ഓഫീസ് ഇടപെടല്‍ നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനായി സര്‍വകലാശാലയില്‍ വിദ്യ വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങള്‍ തേടിയപ്പോള്‍ അന്നുതന്നെ മറുപടി കിട്ടി. വൈസ് ചാന്‍സലറുടെ ഓഫീസില്‍ നിന്നുള്ള ഇടപെടലിനെ തുടര്‍ന്നാണ് അപേക്ഷ സമര്‍പ്പിച്ച ദിവസം തന്നെ വേഗത്തില്‍ മറുപടി കിട്ടിയത്. അതേ സമയം വിദ്യ സമര്‍പ്പിച്ചതിന് സമാനമായ അപേക്ഷയില്‍ ദിനു എന്ന വിദ്യാര്‍ഥി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ 20 ദിവസത്തിന് ശേഷമാണ് സര്‍വകലാശാല മറുപടി നല്‍കിയതെന്നും എസ്സി-എസ്ടി സെല്ലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ സംവരണം അട്ടിമറിച്ച് വിദ്യ നേടിയ പ്രവേശനത്തിന് ഉന്നതതല സ്വാധീനമുണ്ടായെന്നാണ് റിപ്പോര്‍ട്ടിലെ ആരോപണം.
ആരോപണത്തെ തുടര്‍ന്ന്  കെ. വിദ്യയുടെ ഗവേഷണ ഗൈഡ് സ്ഥാനത്ത് നിന്ന് പിന്‍മാറുകയാണെന്ന് ബിച്ചു എക്സ്. മലയില്‍ അറിയിച്ചു. വിദ്യ നിരപരാധിത്വം തെളിയിക്കുംവരെ അവരുടെ ഗൈഡ് ആകാന്‍ തയ്യാറല്ലെന്ന് ബെച്ചു വ്യക്തമാക്കി. മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവേശനം നേടിയ വിദ്യാര്‍ഥിക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത് മറ്റ് വിദ്യാര്‍ഥികള്‍ക്ക് തെറ്റായ സന്ദേശം നല്‍കും. വിവരം ഔദ്യോഗികമായി മലയാളത്തിന്റെ എച്ച്.ഒ.ഡി വഴി വി.സിക്ക് കൈമാറിയെന്നും അവര്‍ അറിയിച്ചു.