LogoLoginKerala

മുഖ്യമന്ത്രിയുടെ ഇഫ്താറില്‍ ലോകായുക്ത; നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ഹര്‍ജിക്കാരന്‍

 
lokayuktha

തിരുവനന്തപുരം- മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്ത സാഹചര്യത്തില്‍ ഇവരില്‍നിന്നു നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് മുഖ്യമന്ത്രിക്കെതിരെയുള്ള ദുരിതാശ്വാസനിധി കേസിലെ ഹര്‍ജിക്കാരനായ ആര്‍.എസ്.ശശികുമാര്‍. ജസ്റ്റിസുമാരായ സിറിയക് ജോസഫ്, ഹാറൂണ്‍ റഷീദ് എന്നിവര്‍ വിരുന്നില്‍ പങ്കെടുത്തത് ജുഡീഷ്യറിയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് ആര്‍ എസ് ശശികുമാര്‍ പറഞ്ഞു. ഇത് ഹര്‍ജിക്കാരന്‍ എന്ന നിലയില്‍ ജുഡീഷ്യറിയിലുളള തന്റെ വിശ്വാസം നഷ്ടപ്പെടാനിടയാക്കിയെന്നും ശശികുമാര്‍ പറഞ്ഞു. 
 'കേസില്‍ മുഖ്യമന്ത്രിക്ക് താത്കാലിക ആശ്വാസം നല്‍കിയ വിധി പുറപ്പെടുവിച്ച ഇരുവരും വിരുന്നില്‍ പങ്കെടുത്തതിലൂടെ ഹര്‍ജിക്കാരന്‍ എന്ന നിലയില്‍ തനിക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടാന്‍ മാത്രമേ ഉപകരിച്ചുള്ളൂ. മുഖ്യമന്ത്രിക്ക് താത്കാലിക ആശ്വാസം നല്‍കുന്ന വിധിക്ക് നന്ദി സൂചിപ്പിക്കുന്നതിന് സമാനമാണ് ഇരുവരേയും വിരുന്നില്‍ ക്ഷണിച്ചത്. ഇഫ്താര്‍ സൗഹൃദ സംഗമമാണ്. പ്രതിപക്ഷനേതാവിനും മറ്റു രാഷ്ട്രീയ നേതാക്കള്‍ക്കും പങ്കെടുക്കാം. എന്നാല്‍ ജുഡീഷ്യല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അങ്ങനെയല്ലെന്നും ശശി കുമാര്‍ പറഞ്ഞു.  ക്ഷണിച്ചാല്‍ പോലും ഇരുവരും ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതായിരുന്നു. ഇത് ജനാധിപത്യ വ്യവസ്ഥയോടുളള വെല്ലുവിളിയാണ്. 
ചടങ്ങില്‍ ക്യാമറമാന്‍ന്മാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് ചിത്രങ്ങള്‍ പുറത്താകാതിരിക്കാന്‍ വേണ്ടിയാണ്. ഔദ്യോഗിക പത്രക്കുറിപ്പില്‍ നിന്നും ലോകായുക്തയുടെയും ഉപലോകായുക്തയെയും പേര് ഒഴിവാക്കിയത് അവര്‍ പങ്കെടുക്കുന്നത് തെറ്റാണെന്ന് സര്‍ക്കാരിന് ബോധ്യമുളളതുകൊണ്ടാണ്. എന്തായാലും ഈ ജസ്റ്റിസുമാരില്‍ നിന്നും അനുകൂലമായ വിധി ഉണ്ടാകുമെന്ന പ്രതീക്ഷ തനിക്കില്ല- ശശികുമാര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ഫണ്ട് വക മാറ്റിയത് സ്വജനപക്ഷപാതമാണെന്ന് ആരോപിച്ചുളള ഹര്‍ജി ഫുള്‍ ബെഞ്ചിന് വിട്ട രണ്ടംഗ ലോകായുക്തയിലെ ജഡ്ജിമാരാണ് മുഖ്യമന്ത്രിയുടെ ഇഫ്താറില്‍ പങ്കെടുത്തത്. കേസിലെ വിധി വന്നത് മാര്‍ച്ച് 31നായിരുന്നു. ഇതിന് ശേഷമാണ് മുഖ്യമന്ത്രി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്.