LogoLoginKerala

ലോറിയിലെ കയര്‍ കുരുങ്ങി കാല്‍നട യാത്രക്കാരന്‍ മരിച്ച സംഭവം; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

 
Kottayam Death

കോട്ടയം സംക്രാന്തിയില്‍ ലോറിയില്‍ അലക്ഷ്യമായി ഇട്ട കയറില്‍ കുടുങ്ങി വഴി യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശി ജീവരാജയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്‌ക്കെതിരെ കേസെടുക്കും.

ലോറിയില്‍ അലക്ഷ്യമായി കിടന്ന കയര്‍ ഡ്രൈവര്‍ ശ്രദ്ധിക്കാത്തതിനാല്‍ ഇയാള്‍ക്ക് വീഴ്ച്ചയുണ്ടായെന്നാണ് പൊലീസിന്റെ നിഗമനം. അപകടം നടന്നത് ഡ്രൈവറോ സഹായിയോ അറിഞ്ഞിരുന്നില്ല.

ഞാറാഴ്ച്ച പുലര്‍ച്ചെ കോട്ടയത്തെ സംക്രാന്തിയിലാണ് സംഭവം. പ്രഭാത സവാരിക്കിറങ്ങിയ മുരളി, ചായ കുടിക്കാനായി പോകുന്ന വഴിയാണ് ലോറിയിലെ കയറില്‍ കുരുങ്ങുന്നത്. ലോറി ഡ്രൈവറോ സഹായിയോ സംഭവം അറിഞ്ഞതുമില്ല. മുരളിയെ വലിച്ചിഴച്ച് ലോറി ഇരുന്നുരോളം മീറ്റര്‍ മുന്നോട്ട് പോയി. റോഡിലുരഞ്ഞ് മുരളിയുടെ ഒരു കാല്‍ അറ്റുപോയി. ഇതിനിടെ മുരളിയുടെ തല വഴിയരികില്‍ ഉണ്ടായിരുന്ന പോസ്റ്റിലിടച്ചതും അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു.

ഏറ്റുമാനൂര്‍ ഭാഗത്തു നിന്നു വന്ന പച്ചക്കറി ലോറിയിയില്‍ നിന്നാണ് അലക്ഷ്യമായി കയര്‍ തൂങ്ങിക്കിടന്നത്. കാല്‍നട യാത്രക്കാരിയായ സ്ത്രീയും ബൈക്കില്‍ സഞ്ചരിച്ച ദമ്പതിമാരും ലോറിക്കു പിന്നില്‍ കെട്ടിയ കയറില്‍ കുരുങ്ങിയെങ്കിലും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.