എഐ ക്യാമറയില്‍ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നു: പി രാജീവ്

തിരുവനന്തപുരം-എ ഐ ക്യാമറയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. സര്‍ക്കാര്‍ ഏത് അന്വേഷണം നേരിടാനും തയാറാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. റോഡിലെ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബുവും പ്രസാഡിയോയും തമ്മിലുള്ള ബന്ധത്തിന് തെളിവ് എന്തെന്ന് ചോദിച്ച മന്ത്രി പ്രസാഡിയോയും പ്രകാശ് ബാബുവും തമ്മില്‍ മുള്ളിയാല്‍ തെറിച്ച ബന്ധം മാത്രമാണ് ഉള്ളതെന്നും പറഞ്ഞു.
കെല്‍ട്രോണ്‍ ഉപകരാര്‍ കൊടുത്ത കമ്പനി മറ്റൊരു കമ്പനി ഉപകരാര്‍ നല്‍കുകയും ആ കമ്പനി സ്വകാര്യ വ്യക്തിയുടെ ഗസ്റ്റ് ഹൗസ് ഉപയോഗിച്ച് പണം കൊടുക്കാന്‍ ഉള്ളത് സര്‍ക്കാരിനെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല ഗസ്റ്റ് ഹൗസ് ഉപയോഗിക്കുന്നതിന് പണം കൊടുക്കരുതെന്ന് കരാറിലുണ്ടോയെന്നും ഇതിന് ടെന്‍ഡര്‍ വ്യവസ്ഥയുമായി എന്താണ് ബന്ധമെന്നും അദ്ദേഹം ചോദിച്ചു.
പുറത്ത് വന്നത് അപ്രധാനമായ രേഖകള്‍ മാത്രമാണ്. ഈ രേഖകള്‍ വച്ച് മുഖ്യമന്ത്രി എന്ത് പ്രതികരിക്കാനാണെന്നും പി രാജീവ് ചോദിച്ചു. സൂം മീറ്റിംഗില്‍ പങ്കെടുത്തതിന് രേഖയുണ്ടെങ്കില്‍ ഹാജരാക്കട്ടെ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.