LogoLoginKerala

പി.വി.അൻവറിന്റെയും കുടുംബത്തിന്റെയും പക്കലുള്ള അധിക ഭൂമി സറണ്ടർ ചെയ്യാൻ ഉത്തരവ്

 
pv anwar

പി.വി.അൻവറിന്റെയും കുടുംബത്തിന്റെയും കയ്യിലുള്ള അധിക ഭൂമി സറണ്ടർ ചെയ്യാൻ ഉത്തരവ്. 19.26 ഏക്കർ ഭൂമി സറണ്ടർ ചെയ്യണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അൻവറിനെതിരായ ഹർജി നൽകിയ കെ.വി ഷാജി ഈ മാസം 10 ന് താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് മുൻപാകെ രേഖകൾ ഹാജരാക്കിയിരുന്നു. 

ഈ രേഖകളിൽ മേൽ അന്വേഷണം നടത്തിയ ഓതറൈസ്ഡ് ഓഫീസർ ഇന്ന് താലൂക്ക് ലാൻഡ് ബോർഡ് മുൻപാകെ റിപ്പോർട്ടും സമർപ്പിച്ചു. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അൻവറിന്റെയും കുടുംബത്തിന്റെയും കൈയിലുള്ള അധികഭൂമി സറണ്ടർ ചെയ്യാൻ ഉത്തരവിട്ടത്. 12 ഏക്കർ ഭൂമിയാണ് കൈവശം വെക്കാൻ കഴിയുക. എന്നാൽ അൻവറും കുടുംബവും 31.26 ഏക്കർ ഭൂമി കൈവശം വെച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

പി.വി.അൻവറിനതിരായ ആരോപണങ്ങൾ ശരി വെക്കുന്നതായിരുന്നു താമരശേരി താലൂക്ക് ലാൻഡ് ബോർഡിന്റെ ഉത്തരവ്. പിവി അൻവറും കുടുംബവും പരിധിയിൽ കൂടുതൽ ഭൂമി കൈവശം വച്ചെന്ന് ഓതറൈസ്ഡ് ഓഫീസറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഭൂപരിധി നിയമത്തിന്റെ ലംഘനം 2007 മുതൽ ആരംഭിസിച്ചിരുന്നു. അതേസമയം രേഖകൾ ഹാജരാക്കാൻ അൻവർ തയ്യാറാകുന്നില്ല. നടപടിക്രമങ്ങൾ നീട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നു തുടങ്ങിയ കാര്യങ്ങളും  റിപ്പോർട്ടിൽ പറയുന്നു.  ഈ വിഷയവുമായി ബന്ധപ്പെട്ട്  25ന് കോഴിക്കോട് വീണ്ടും ഹിയറിങ് നടക്കും.