സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷങ്ങളോട് സഹകരിക്കില്ല: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
കൊച്ചി-കേരളത്തിലെ പ്രതിപക്ഷം സര്‍ക്കാരിന്റെ ആഘോഷ പരിപാടികളോട് സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി. പിണറായി സര്‍ക്കാര്‍ സാധാരണക്കാരുടെ മേല്‍ കെട്ടിവച്ച അയ്യായിരത്തില്‍ അധികം കോടിയുടെ നികുതിഭാരം ഇന്ന് മുതല്‍ നടപ്പാക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഇന്ന് തന്നെ തുടങ്ങുന്നു എന്നത് ഏറ്റവും വലിയ വിരോധാഭാസമാണെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജനങ്ങളെ എത്തിച്ചിട്ടാണ് അഘോഷവും പരസ്യവുമായി സര്‍ക്കാര്‍ ഇറങ്ങിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ടും അനാസ്ഥ കൊണ്ടുമാണ് ചരിത്രത്തില്‍ ഇല്ലാത്ത അധിക നികുതിഭാരം ജനങ്ങളുടെ മേല്‍ വരുന്നത്. സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകും. നികുതി പിരിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമായി. സര്‍ക്കാരിന്റെ പരാജയം സാധാരണക്കാരന് മേല്‍ കെട്ടിവയ്ക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. ഇപ്പോള്‍ തന്നെ നാട്ടില്‍ വിലകയറ്റം ഉണ്ട് . സ്വാഭാവികവിലകയറ്റത്തിനൊപ്പം കൃത്രിമ വിലക്കയറ്റം കൂടി ഇന്ന് മുതല്‍ ഉണ്ടാകും. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഉടനീളം ജപ്തി നോട്ടീസുകള്‍ പ്രവഹിക്കുകയായിരുന്നു. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാതെ സാധാരണക്കാരന്‍ പ്രയാസപ്പെടുന്ന സമയത്ത് ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. അത് കൂടാതെയാണ് ജനങ്ങളുടെ മേല്‍ അധിക നികുതിഭാരം അടിച്ചേല്‍പിച്ചത്.
ട്രഷറി പൂട്ടുമെന്ന് പറഞ്ഞിട്ട് പൂട്ടിയില്ലല്ലോ എന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി ഇന്നലെ ചോദിച്ചത്. ട്രഷറി പൂട്ടുന്നതിനേക്കാള്‍ ദയനീയമായ സാഹചര്യമാണ് കേരളത്തില്‍ ഉള്ളത്. ഒരു പണവും കൊടുക്കാന്‍ പറ്റുന്നില്ല. മാര്‍ച്ച് 29 ന് അക്ഷരാര്‍ഥത്തില്‍ ട്രഷറി പൂട്ടിയതാണ്. പാവപ്പെട്ടവര്‍ക്ക് അര്‍ഹതപ്പെട്ട കോടി കണക്കിന് രൂപയാണ് കൊടുക്കാന്‍ ഉള്ളത്. നയാ പൈസ ഇല്ലാതെ, കടക്കെണി മറച്ച് വച്ചാണ് സര്‍ക്കാര്‍ മുന്നോട് പോകുന്നത്. നികുതിക്കൊള്ളയാണ് നടക്കുന്നത് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞു.
ക്രമസമാധാന തകര്‍ച്ച ,പിണറായി സര്‍ക്കാര്‍ സാധാരണക്കാരുടെ മേല്‍ കെട്ടിവച്ച അയ്യായിരത്തില്‍ അധികം കോടിയുടെ നികുതിഭാരം ഇന്ന് മുതല്‍ നടപ്പാക്കുകയാണ്. യുഡിഎഫ് ഇന്ന് സംസ്ഥാനത്ത് കരിദിനം ആചരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ടാണ് അധിക നികുതിഭാരം ജനങ്ങളുടെ മേല്‍ വരുന്നത്. നികുതി പിരിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമായി. സര്‍ക്കാരിന്റെ പരാജയം സാധാരണക്കാരന് മേല്‍ കെട്ടിവയ്ക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. പോലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍, പിന്‍വാതില്‍ നിയമങ്ങള്‍ അങ്ങനെ രണ്ട് വര്‍ഷം കൊണ്ട് ജനങ്ങളാല്‍ വെറുക്കുന്ന ഒരു സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറിയെന്ന് സതീശന്‍ കുറ്റപ്പെടുത്തി.