LogoLoginKerala

ഇനി മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും റേഷൻ കാർഡ് ലഭ്യമാകും

 
ration card

തിരുവനന്തപുരം: അസം, ബംഗാള്‍, തമിഴ്, ഹിന്ദി, കന്നഡ, ഒഡിഷ ഭാഷകളിലും ഇനി റേഷൻ കാർഡുകൾ ലഭ്യമാകും. ഇത്തരത്തിൽ ഇതരഭാഷയിൽ തയാറാക്കിയ റേഷന്‍ റൈറ്റ് കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ ഏഴിന് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കും.

ഇതര സംസ്ഥാന തൊഴിലാളികളുടെ കൈവശമുള്ള ആധാര്‍ കാര്‍ഡ് മുഖാന്തരം റേഷന്‍ കടകളില്‍ നിന്നും എൻ.എഫ്.എസ്.എ വിഭാഗത്തിലുളള ഭക്ഷ്യധാന്യ വിഹിതം ലഭിക്കുന്നതിനാണ് റേഷന്‍ റൈറ്റ് കാര്‍ഡ് പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയത്.

ഇതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് അവരുടെ റേഷന്‍ വിഹിതം ഇവിടത്തെ റേഷന്‍കടകളില്‍ നിന്നും ലഭിക്കും. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതി 2013 ദേശിയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗമായി രാജ്യത്ത് നടപ്പാക്കിയിരുന്നു.

ഇതനുസരിച്ച് ദരിദ്ര വിഭാഗത്തില്‍ ഉള്‍പ്പെടുന്ന (എൻ.എഫ്.എസ്.എ) വിഭാഗം കാര്‍ഡുടമകള്‍ക്ക് ഇന്ത്യയില്‍ ഏതു സംസ്ഥാനത്തു നിന്നും അവരുടെ റേഷന്‍ വിഹിതം ലഭിക്കും. നിലവിൽ ഈ പദ്ധതിയാണ് സംസ്ഥാന സർക്കാർ പ്രാവർത്തികമാക്കിയിരിക്കുന്നത്. പദ്ധതി വിജയിച്ചാൽ മറ്റു സംസ്ഥാനങ്ങൾക്കും ഇത് മാതൃകയാക്കാം.