LogoLoginKerala

കൊച്ചി മേയർക്കെതിരെ കോൺഗ്രസ് അവിശ്വാസ പ്രമേയം

 
Kochi mayor
കൊച്ചി: ബ്രഹ്മപുരം അഴിമതിക്ക് കൂട്ട് നിൽക്കുന്ന മേയറുടെ നടപടിയിൽ പ്രതിഷേധിച്ചും മാലിന്യ സംസ്കരണ വിഷയത്തിലും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും മേയർ പൂർണമായും പരാജയപ്പെട്ടുവെന്ന് ആരോപിച്ചും കൊച്ചി മേയർ എം. അനിൽകുമാറിനെതിരെ കോൺഗ്രസ് ഇന്ന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകുമെന്ന് ഡി സി സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അറിയിച്ചു. 
കരാർ കമ്പനിയിൽ നിന്ന് നിയമവിരുദ്ധമായി ഉപകരാർ നേടിയ കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തിയെന്ന മേയറുടെ വെളിപ്പെടുത്തൽ കുറ്റസമ്മതമാണ്. ഉപകരാർ നേടിയവരുമായി ചേമ്പറിൽ ചർച്ച നടത്തിയ മേയർ ഉപകരാറിനെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് പറയുന്നത് ശുദ്ധ കളവാണ്. ബ്രഹ്മപുരത്തെ കാര്യങ്ങൾ എന്തിനാണ് കരാർ കമ്പനിയുമായി ബന്ധമില്ലാത്ത ഒരാളുമായി ചർച്ച ചെയ്തത് എന്ന് മേയർ തുറന്നു പറയണം. ഇതിനു പിന്നിലെ സാമ്പത്തിക താത്പര്യങ്ങളെ കുറിച്ച് കൂടി മേയർ തുറന്നു പറയണം. അഴിമതിക്ക് കൂട്ട നിന്ന മേയർ ഒരു നിമിഷം വൈകാതെ രാജി വച്ചൊഴിയണമെന്ന് മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു.
ഡി സി സിയുടെ നേതൃത്വത്തിലുള്ള കോർപ്പറേഷൻ, കമ്മീഷണർ ഓഫീസ് മാർച്ചുകളും നാളെ രാവിലെ പത്തരയ്ക്ക് ഡി സി സി ഓഫീസിൽ നിന്നാരംഭിക്കും. മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്‌ഘാടനം ചെയ്യും.