നിഖിൽ തോമസിന്റെ കൊടും ചതിക്ക് മാപ്പില്ല: സി പി എം
Jun 20, 2023, 14:28 IST
ആലപ്പുഴ- നിഖില്‍ തോമസ് പാര്‍ട്ടിയോട് ചെയ്തത് കൊടും ചതിയാണെന്ന് സി.പി.എം. കായംകുളം ഏരിയാ സെക്രട്ടറി പി. അരവിന്ദാക്ഷന്‍. നടപടിയെടുക്കേണ്ട കാര്യമാണെങ്കില്‍ നടപടിയെടുക്കുമെന്നും ഇക്കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിഖിലിനെ ബോധപൂര്‍വം പാര്‍ട്ടിക്കാര്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും അരവിന്ദാക്ഷന്‍ കൂട്ടിച്ചേർത്തു.
ബി.കോം. ജയിക്കാത്ത ഒരാള്‍ക്ക് എം.കോമിന് അഡ്മിഷന്‍ കിട്ടിയെന്നത് ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യമാണ്. പൊതുസമൂഹത്തിന് അംഗീകരിക്കാനാവാത്ത കാര്യം സി.പി.എമ്മിനും അംഗീകരിക്കാനാവില്ല. നിഖില്‍ തോമസ് പാര്‍ട്ടി മെമ്പറാണ്. അതുകൊണ്ടു തന്നെ വ്യാജ ഡിഗ്രി വിവാദത്തില്‍ പാര്‍ട്ടി തലത്തില്‍ ഒരന്വേഷണവും പരിശോധനയും ഉണ്ടാവുമെന്നും ഏരിയാ സെക്രട്ടറി പറഞ്ഞു. നിഖിൽ തോമസിനെ ഒരു വിധത്തിലും സംരക്ഷിക്കേണ്ടതില്ലെന്നാണ് സി പി എം സംസ്ഥാന നേതൃത്വം നൽകിയിരിക്കുന്ന നിർദേശം. പാർട്ടി നേതൃത്വത്തെ വരെ ഇയാൾ തെറ്റിദ്ധരിപ്പിച്ചതിലൂടെ നേതൃത്വത്തെ അപമാനിച്ചെന്ന വിലയിരുത്തലിലാണ് സിപിഎം.