LogoLoginKerala

ഔദ്യോഗികവസതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍: മന്ത്രി സജി ചെറിയാന്റെ ഓഫീസ്

 
saji cheriyan

തിരുവനന്തപൂരം: മത്സ്യബന്ധനം, സംസ്‌കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്  സര്‍ക്കാര്‍ അനുവദിച്ചുനല്‍കിയ ഔദ്യോഗികവസതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ജനങ്ങളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കാനുള്ള നിക്ഷിപ്തതാല്പര്യത്തോടെയാണെന്ന് മന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പൂര്‍ണമായും നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ് ടൂറിസം വകുപ്പ് ഔദ്യോഗികവസതി അനുവദിച്ചു നല്‍കുന്നത്. സര്‍ക്കാരിന്റെ കീഴിലുള്ള വസതികള്‍ ഒന്നും തന്നെ ലഭ്യമല്ലാത്തതിനാലാണ് വാടകവീട് അനുവദിച്ചത്.

2016 മുതല്‍ മന്ത്രിമാരുടെ ഔദ്യോഗിക വസതിയായി ഉപയോഗിക്കുന്ന വീടാണ് ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ളത്. ഇക്കാലയളവില്‍ രണ്ട് മന്ത്രിമാര്‍ ഇവിടെ താമസിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷമായി തുടരുന്ന വാടക തന്നെയാണ് നിലവിലുമുള്ളത്. കുടുംബത്തിനു പുറമേ ഔദ്യോഗികവസതിയിലെ സുരക്ഷാ ചുമതലയുള്ള പോലീസുകാര്‍, ഗണ്‍മാന്മാര്‍, പി.എ, ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ക്ക് കൂടെ താമസസൗകര്യം ലഭ്യമായ വസതിയാണ് മന്ത്രിമാര്‍ക്ക് അനുവദിക്കാറുള്ളത്. ഇക്കാര്യങ്ങള്‍ കണക്കിലെടുക്കാതെ അതിശയോക്തി പോലെ വാര്‍ത്ത അവതരിപ്പിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് ശരിയായ രീതിയല്ലെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.