LogoLoginKerala

കാവേരി നദീജല തർക്കത്തിൽ കർണാടകയ്ക്ക് നേരിയ ആശ്വാസമായി പുതിയ ഉത്തരവ്

 
KAVERI

ബെംഗളൂരു: തമിഴ്നാടിന് വിട്ടുനൽകേണ്ട കാവേരി ജലത്തിന്റെ അളവ് കുറയ്ക്കാൻ കർണാടകയോട് ഉത്തരവിട്ട് കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി (സിഡബ്ല്യുആർസി). ചൊവ്വാഴ്ച ചേർന്ന യോഗത്തിലാണ് കമ്മിറ്റി തീരുമാനം അറിയിച്ചത്. കർണാടക സർക്കാർ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 15 വരെ 3,000 ഘനയടി (ക്യുസെക്സ്) കാവേരി ജലം തമിഴ്‌നാടിന് വിട്ടുനൽകണമെന്ന് സിഡബ്ല്യുആർസി ഉത്തരവിട്ടു.

നേരത്തെ 5000 ഘനയടി ജലം വിട്ടുനൽകാനായിരുന്നു ഉത്തരവ്. എന്നാൽ കമ്മിറ്റിയുടെ യോഗത്തിൽ, വെള്ളം വിട്ടുനൽകുന്നത് തുടരാൻ കഴിയില്ലെന്ന് കർണാടക വ്യക്തമാക്കി. അതേസമയം കുറഞ്ഞത് 12,500 ക്യുസെക്‌സ് ജലം വരും ആഴ്ചകളിൽ തുറന്നുവിടണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. കർണാടകയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഈ ആവശ്യം പരിഗണിക്കാൻ സാധിക്കില്ലെന്ന് കമ്മിറ്റി പറഞ്ഞു.

കമ്മിറ്റിയുടെ തീരുമാനത്തിൽ കർണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുകർ സന്തോഷം പ്രകടിപ്പിച്ചു. സർക്കാർ ഉദ്യോഗസ്ഥർ സംസ്ഥാനത്തിന്റെ താൽപ്പര്യം ഫലപ്രദമായി സംരക്ഷിച്ചുവെന്ന് ശിവകുമാർ പറഞ്ഞു. കാവേരി പ്രശ്നത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കർണാടകയിലെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടന്നുവരികയാണ്. മാണ്ഡ്യ, ബെംഗളൂരു ജില്ലകളിൽ കന്നഡ അനുകൂല സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.

സെപ്റ്റംബർ 29ന് സംഘടനകൾ കർണാടക ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ മൺസൂൺ അവസാനിക്കാറായിട്ടും കർണാടകത്തിലെ കാവേരി റിസർവോയറുകളിൽ വെള്ളത്തിന്റെ അളവ് വളരെ കുറവായിരിക്കുമ്പോഴും തമിഴ്‌നാടിന് വെള്ളം തുറന്നുവിടുന്നതാണ് ബന്ദിന് കാരണമായി പ്രതിഷേധക്കാരുടെ വാദം. ബെംഗളൂരു നഗരത്തിലെ കുടിവെള്ളത്തിന്റെയും സംസ്ഥാനത്തെ മാണ്ഡ്യ മേഖലയിലെ കൃഷിയിടങ്ങളിലെ ജലസേചനത്തിന്റെയും പ്രധാന ജല സ്രോതസ്സാണ് കാവേരി.