സംസ്ഥാനങ്ങളില്‍ പുതിയ ജി എസ് ടി ട്രിബ്യൂണലുകള്‍ വരുന്നു

കേരളത്തില്‍ ജിഎസ്ടി തര്‍ക്ക പരിഹാരങ്ങള്‍ക്കായി ട്രിബ്യൂണലുകള്‍ സ്ഥാപിക്കാന്‍ തീരുമാനം. നികുതി വെട്ടിപ്പ് തടയാന്‍ രണ്ടു ലക്ഷം രൂപയോ അതിലേറെയോ വിലവരുന്ന സ്വര്‍ണത്തിനും രത്‌നക്കല്ലുകള്‍ക്കും ഇ-വേ ബില്‍ നടപ്പിലാക്കണമെന്ന് നിര്‍ദേശം നടപ്പിലാക്കാനും തീരുമാനമായി.
കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും ജിഎസ്ടി ട്രിബ്യൂണലുകള്‍ തുടങ്ങാനാണ് തീരുമാനം. ചൊവ്വാഴ്ച്ച ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിന്റെ അമ്പതാം യോഗത്തിലാണ് നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
ഘട്ടംഘട്ടമായിട്ടാണ് ട്രിബ്യൂണലുകള്‍ സ്ഥാപിക്കുകയെന്ന് യോഗത്തിനുശേഷം കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ തലസ്ഥാന നഗരങ്ങള്‍ക്കും ഹൈക്കോടതി ബെഞ്ചുകളുള്ള നഗരങ്ങള്‍ക്കും പ്രാധാന്യം നല്‍കും. രാജ്യത്താകെ 50 ജി.എസ്.ടി. ബെഞ്ചുകള്‍ സ്ഥാപിക്കാന്‍ ആവശ്യമുയര്‍ന്നതായി മന്ത്രി അറിയിച്ചു. കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമാകും ട്രിബ്യൂണലുകള്‍ വരുകയെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പിന്നീട് പത്രസമ്മേളനത്തില്‍ അറിയിച്ചു.