നബീസാ ഉമ്മാള്‍ അന്തരിച്ചു

തിരുവനന്തപുരം-മുന്‍ കഴക്കൂട്ടം എം എല്‍ എയും കോളജ് അധ്യാപികയുമായിരുന്ന നബീസ ഉമ്മാള്‍ (91) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയില്‍ ആയിരിക്കെ നെടുമങ്ങാട്ടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
1987 ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സി പി എം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കഴക്കൂട്ടം മണ്ഡലത്തില്‍ മത്സരിച്ച് വിജയിച്ചു. 1991 ലെ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തുനിന്നും എം വി രാഘവനോട് 689 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. 1995 ല്‍ നെടുമങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണായി. 33 വര്‍ഷം അധ്യാപന മേഖലയില്‍ തുടര്‍ന്ന നബീസ കേരളത്തിലെ പത്തിലേറെ പ്രമുഖ കലാലയങ്ങളില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചു. 1986 ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിയ്ക്കുമ്പോള്‍ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജ് പ്രിന്‍സിപ്പല്‍ ആയിരുന്നു. എ ആര്‍ രാജരാജവര്‍മക്കുശേഷം യൂണിവേഴ്സിറ്റി കോളജില്‍ വകുപ്പ് അധ്യക്ഷയും പ്രിന്‍സിപ്പലുമാകുന്ന ആദ്യ മലയാള പണ്ഡിതയായിരുന്നു നബീസ. മലയാളത്തില്‍ ബിരുദാനന്തര ബിരുദമെടുത്ത ആദ്യ മുസ്ലിം പെണ്‍കുട്ടി എന്ന ഖ്യാതിയും നബിസ ഉമ്മാളിനുണ്ട്. ഇ എം എസ് നമ്പൂതിരിപ്പാടിന്റെ ക്ഷണമനുസരിച്ചാണ് നബീസ രാഷ്ടീയത്തില്‍ രംഗപ്രവേശനം നടത്തിയത്.
പ്രൊഫ. നബീസാ ഉമ്മാളിന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനുമടക്കമുള്ളവര്‍ അനുശോചിച്ചു. മികച്ച പ്രഭാഷകയും നിയമസഭാ സാമാജികയായിരുന്ന നബീസാ ഉമ്മാള്‍ സംസ്ഥാനത്തെ നിരവധി സര്‍ക്കാര്‍ കേളേജുകളില്‍ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട ഗുരുനാഥയായിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. എ. ആര്‍. രാജരാജവര്‍മക്കു ശേഷം യൂണിവേഴ്സിറ്റി കോളേജില്‍ വകുപ്പ് അധ്യക്ഷയും പ്രിന്‍സിപ്പലുമാകുന്ന ആദ്യ മലയാള പണ്ഡിതയാണവര്‍. മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടുന്ന ആദ്യ മുസ്ലീം പെണ്‍കുട്ടി എന്ന നിലയിലും ശ്രദ്ധേയയായി. ഇടതു പക്ഷത്തോടൊപ്പമാണ് അവര്‍ നിലയുറപ്പിച്ചിരുന്നത് - മുഖ്യമന്ത്രി അനുസ്മരിച്ചു.
ഭര്‍ത്താവ്: പരേതനായ എം.ഹുസൈന്‍കുഞ്ഞ്. മക്കള്‍: റഹിം (റിട്ട.അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍), ലൈല (റിട്ട. ബിഎസ്എന്‍എല്‍), സലിം (കേബിള്‍ ടിവി), താര (അധ്യാപിക, കോട്ടന്‍ഹില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), പരേതരായ റസിയ, ഹാഷിം. മരുമക്കള്‍: ഷൈല (റിട്ട. പിആര്‍ഡി അസിസ്റ്റന്റ് ഡയറക്ടര്‍), സുലൈമാന്‍, മുനീറ, പരേതരായ കുഞ്ഞുമോന്‍, ഷീബ. ഖബറടക്കം വൈകിട്ട് അഞ്ചിന് മണക്കോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.