സ്വപ്‌നാ സുരേഷിനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ടുപോകും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍
തിരുവനന്തപുരം-സ്വപ്‌ന സുരേഷിനെതിരെ മാനനഷ്ട കേസുമായി മുന്നോട്ട് പോകുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മാധ്യമങ്ങളോട് ഒരു കാര്യം പറയുമ്പോള്‍ വസ്തുത അന്വേഷിച്ച് പറയേണ്ട ഉത്തരവാദിത്തമുണ്ട്. സ്വപ്‌നയുടെ നിലപാട് ശരിയല്ല. വിട്ടുകൊടുക്കില്ലെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു എം വി ഗോവിന്ദന്‍ മാസ്റ്റര്‍ സ്വപ്‌നയ്‌ക്കെതിരെ വക്കീല്‍ നോട്ടീസയച്ചത്. ഇതിന്റെ 10 ശതമാനം തുക കെട്ടിവെച്ച് കേസിന് പോകുമോ എന്നറിയാന്‍ കാത്തിരിക്കുന്നു എന്ന സ്വപ്‌നയുടെ പ്രസ്താവന ശ്രദ്ധയില്‍പെടുത്തിയപ്പോഴായിരുന്നു മാഷിന്റെ പ്രതികരണം
ചില്ലിക്കാശ് പോലും നഷ്ടപരിഹാരം നല്‍കില്ലെന്നും മാപ്പ് പറയില്ലെന്നുമാണ് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന അറിയിച്ചത്. മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് എന്ത് നിയമനടപടികളും നേരിടാന്‍ തയ്യാറാണ്. വിജയ് പിള്ള പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് വെളിപ്പെടുത്തിയത്. എംവി ഗോവിന്ദനാണ് വിജയ് പിള്ളയെ അയച്ചതെന്ന് ഒരിടത്തും പറയുന്നില്ല. വാഗ്ദാനങ്ങള്‍ നിരസിച്ചാല്‍ പ്രത്യഘാതം നേരിടേണ്ടി വരുമെന്ന് ഗോവിന്ദന്‍ പറഞ്ഞുവെന്ന് വിജയ് പിള്ള പറഞ്ഞതായാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിജയ് പിള്ളയുമായി ഗോവിന്ദനോ കുടുംബത്തിനോ ബന്ധമുണ്ടെന്നും പറഞ്ഞിട്ടില്ല. ഒരു കോടി രൂപയുടെ പത്ത് ശതമാനം കോടതി ഫീസായി അടച്ച് കേസ് ഫയല്‍ ചെയ്യുന്നതിനായി കാത്തിരിക്കുകയാണ്- ഇതായിരുന്നു സ്വപ്‌നയുടെ പ്രതികരണം.