LogoLoginKerala

ഡോക്ടറുടെ കൊലപാതകവും മുരളി തുമ്മാരുകുടി 'പ്രവചിച്ചു'

 
murali thummarukudi


കൊച്ചി- ബോട്ടപകടം പ്രവചിച്ച യു എന്‍ ദുരന്തനിവാരണ വിദഗ്ധന്‍ മുരളിതുമ്മാരുകുടി ഡോക്ടറുടെ കൊലപാതകവും പ്രവചിച്ചു.  കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ചതിന് പിന്നാലെ ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടിയുടെ ഏപ്രില്‍ ഒന്നിലെ ഫേസ്ബുക്ക് പ്രവചന പോസ്റ്റ് വീണ്ടും ചര്‍ച്ചയാകുകയാണ്.

മാസത്തില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ കേരളത്തില്‍ രോഗികളുടേയോ ബന്ധുക്കളുടേയോ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നും ഭാഗ്യവശാല്‍ ഇത്തരത്തില്‍ ഒരു മരണം ഉണ്ടായിട്ടില്ലെന്നും അത് ഭാഗ്യം മാത്രമാണെന്നും അത്തരത്തില്‍ ഒരു മരണം ഉണ്ടാകും എന്നത് നിശ്ചയമാണെന്നും മുരളു തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ചികിത്സാപ്പിഴവ് ആരോപിച്ചും മറ്റു തരത്തിലും ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമത്തിന് ഇരയാകുന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പോസ്റ്റ്. കൊട്ടാരക്കരയില്‍ വനിതാ ഡോക്ടര്‍ പ്രതിയുടെ കുത്തേറ്റ് മരിച്ചതിന് പിന്നാലെ മുരളി തുമ്മാരുകുടിയുടെ പ്രവചനം വീണ്ടും സത്യമായി എന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നത്.

ഏപ്രില്‍ ഒന്നിലെ മുരളി തുമ്മാരുകുടി ഈ പോസ്റ്റില്‍ തന്നെയാണ് കേരളത്തില്‍ 10 ലധികം പേര്‍ മരിക്കുന്ന ബോട്ട് ദുരന്തം വൈകാതെ ഉണ്ടാകുമെന്ന് പ്രവചിച്ചത്. കേരളത്തിലെ ഹൗസ് ബോട്ടുകളിലെ സുരക്ഷിതത്വമില്ലായ്മയുടെ അടിസ്ഥാനത്തിലായിരുന്നു പ്രവചനം.