അമ്മയും മകനും ജീവനൊടുക്കി
ആത്മഹത്യ നവജാതശിശു തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി മരിച്ചതിന്റെ മൂന്നാംനാൾ
Thu, 16 Mar 2023

ഇളയകുഞ്ഞ് തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി മരിച്ചതിൻ്റെ മൂന്നാം നാൾ രണ്ടാമത്തെ മകനുമായി അമ്മ കിണറ്റിൽ ചാടി ജീവനൊടുക്കി. ഉപ്പുതറ കൈതപ്പതാൽ സ്വദേശിനിയും ആലക്കോട് സർവീസ് സഹകരണ ബാങ്കിലെ ബ്രാഞ്ച് മാനേജരുമായ ലിജ (38), മകൻ ബെൻ ടോം (7) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ 6 മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം ലിജയുടെ 28 ദിവസം മാത്രം പ്രായമുള്ള ഇളയ കുട്ടി മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു. നവജാതശിശു മരിച്ചതിൽ ലിജ കടുത്ത മാനസിക വിഷമത്തിലായിരുന്നു. ഇന്നലെയായിരുന്നു കുഞ്ഞിന്റെ സംസ്കാര ചടങ്ങുകൾ.
ഇന്നു രാവിലെ ബന്ധുക്കളെല്ലാം ചർച്ചിൽ പോയ സമയത്ത് ലിജയും മകനും മാത്രമായിരുന്നു വീട്ടിൽ. മടങ്ങിയെത്തിയ ബന്ധുക്കൾ വീട്ടിൽ ലിജയെയും മകനെയും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടിലെ കിണറ്റിൽ രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തിയത്. തുടർന്ന് അഗ്നിരക്ഷാ സേന എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. ലിജയുടെ മൂത്തകുട്ടി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് നേരത്തെ മരിച്ചിരുന്നു. രണ്ടാമത്തെ കുട്ടിയാണ് ബെൻ.