LogoLoginKerala

കേരള പാഠ്യപദ്ധതി ചട്ടക്കൂട്(കരട്) മന്ത്രി വി ശിവൻകുട്ടി പ്രസിദ്ധീകരിച്ചു;

വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകങ്ങൾക്കൊപ്പം അധ്യാപകർക്കും രക്ഷിതാക്കൾക്കും ഉള്ള പുസ്തകങ്ങളും തയ്യാറാക്കുമെന്ന് മന്ത്രി
 
sivankutti

പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി കേരള പാഠ്യപദ്ധതി ചട്ടക്കൂട്(കരട്) പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രസിദ്ധീകരിച്ചു. മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ ഐ എ എസിന് കൈമാറിയാണ് ചട്ടക്കൂട് പ്രസിദ്ധീകരിച്ചത്. വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകങ്ങൾക്കൊപ്പം അധ്യാപകർക്കും രക്ഷിതാക്കൾക്കും ഉള്ള പുസ്തകങ്ങളും തയ്യാറാക്കുമെന്ന് മന്ത്രി അറിയിച്ചു.

2007 ലെ കേരളാപാഠ്യപദ്ധതി ചട്ടക്കൂടിന് പിന്നാലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളിൽ 2013 ൽ ചില മാറ്റങ്ങൾ ഉണ്ടായെങ്കിലും കഴിഞ്ഞ 10 വർഷത്തിനു ശേഷം പാഠ്യ
പദ്ധതി സമഗ്രമായി പരിഷ്‌കരിക്കപ്പെടുന്നത് ഇപ്പോഴാണ്.  പ്രീപ്രൈമറി വിദ്യാഭ്യാസം, സ്‌കൂൾ  വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം എന്നീ നാല് മേഖലകളിലാണ് പാഠ്യപദ്ധതി ചട്ടക്കൂടുകൾ വികസിപ്പിക്കുന്നത്. 

പാഠ്യപദ്ധതി പരിഷ്‌കരണ നടപടികൾ  നടത്തുന്നത് ഏവർക്കും മാതൃകയാക്കാൻ പറ്റുന്ന തരത്തിലാണ്.  ജനകീയ ചർച്ചകൾ നടത്തിയും ലോകത്തിൽ ആദ്യമായി ക്ലാസ്മുറികളിൽ കുട്ടികളോട് ചോദിച്ചും ചർച്ചകൾ നടത്തിയുമാണ്  പാഠ്യപദ്ധതി വികസിപ്പിക്കുന്നത്.  ഈ ചർച്ചകളുടെ തുടക്കത്തിൽ തന്നെ  വിവാദങ്ങൾ ഉണ്ടാക്കുവാൻ ചില 
കോണുകളിൽ നിന്നും ശ്രമം ഉണ്ടായി.എന്നാൽ  ജനാധിപത്യ രീതിയിലൂടെ മാത്രമേ ഈ  പരിഷ്‌കരണ നടപടികൾ മുന്നോട്ട് കൊണ്ടുപോകൂ എന്നും വിവാദങ്ങൾ സൃഷ്ടിക്കുന്നവർക്ക് നിരാശരാകേണ്ടി വരും എന്നും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

26 വ്യത്യസ്ത മേഖലകളിൽ ഫോക്കസ് ഗ്രൂപ്പുകൾ രൂപീകരിച്ച് നിലപാട് രേഖകൾ തയ്യാറാക്കിയതിനു ശേഷമാണ് ഈ നാല് ചട്ടക്കൂടുകൾ വികസിപ്പിക്കുന്നത്. 
ഈ ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലാണ്  പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നത്. 

പൊതുവിദ്യാഭ്യാസ മേഖലയിൽ നാളിതുവരെ നേടിയ നേട്ടങ്ങൾ നില നിർത്തുന്നതിനോടൊപ്പം തന്നെ ലോകത്ത് സംഭവിക്കുന്ന ശാസ്ത്ര സാങ്കേതിക  മേഖലയിലെ വിപ്ലവകരമായ മാറ്റങ്ങളെയും പരിഗണിച്ചുകൊണ്ട്  മുന്നോട്ട് പോകാൻ കഴിയുകയുള്ളൂ.  കഴിഞ്ഞ ഏഴ് വർഷക്കാലമായി പൊതു വിദ്യാഭ്യാസ മേഖലയിൽ നടന്നു വരുന്ന  പരിഷ്‌കരണ പ്രവർത്തനങ്ങളുടെ തുടർച്ച കൂടിയാണിത്. പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ ഗുണ മേന്മയുള്ള വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യമാണ് മുന്നോട്ട് വെക്കുന്നത്. 

ജ്ഞാന സമൂഹ നിർമ്മിതിയിലൂടെ  നവകേരളം എന്ന സർക്കാറിന്റെ ആശയത്തെ പ്രാവർത്തികമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.  പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ  കേവലമായ പാഠപുസ്തക പരിഷ്‌കരണം മാത്രമല്ല ലക്ഷ്യമിടുന്നത്. സ്‌കൂളുകളുടെ ഭൗതികസാഹചര്യങ്ങൾ  വികസിപ്പിച്ച സാഹചര്യത്തിൽ അതുവഴി സാങ്കേതിക വിദ്യയുടെ ഉപയോഗം ക്ലാസ് മുറികളിൽ ശക്തിപ്പെടുത്തേണ്ടതായിട്ടുണ്ട്.  ഇപ്പോൾ തന്നെ വിദ്യാഭ്യാസ മേഖലയിൽ നൂതനമായ സാങ്കേതികവിദ്യകൾ 
ഉപയോഗിച്ചു വരികയാണ്. 

അവസാനമായി ഇറങ്ങിയ യൂനെസ്‌കോയുടെ ഗ്ലോബൽ എജ്യൂക്കേഷൻ മോണിറ്ററിംഗ് റിപ്പോർട്ടിൽ കേരളത്തെ കുറിച്ചുള്ള  സൂചനകൾ ഇതിന് ഉദാഹരണമാണ്.  
ഈ അനുഭവങ്ങളെല്ലാം പരിഗണിച്ചു തന്നെയാണ് പാഠപുസ്തകങ്ങളുടെ ഡിജിറ്റൽ പതിപ്പും പുറത്തിറക്കുന്നത്.

കുട്ടികൾക്ക് സ്വയം ചെയ്തു പഠിക്കാൻ  കഴിയുന്ന രൂപത്തിലാണ് ഇവ നിർമ്മിക്കുക. അധ്യയന ദിവസങ്ങൾ മുടങ്ങുന്ന സാഹചര്യത്തിലും കുട്ടികൾക്ക് സ്വയം പാഠങ്ങൾ പഠിക്കാൻ കഴിയും.  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വളർന്നു വരുന്ന കാലഘട്ടത്തിലാണെങ്കിലും വിദ്യാലയങ്ങളിൽ അധ്യാപകരുടെ റോൾ മാറ്റിനിർത്താൻ കഴിയാത്തതാണ്. 
അതിന് അധ്യാപകരുടെ സേവനകാല പരിശീലനം ശക്തിപ്പെടുത്തേണ്ടതുണ്ട്. പൂർണ്ണമായും റസിഡൻഷ്യൽ രീതിയിൽ പരിശീലനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചുകഴിഞ്ഞു.

സർവ്വീസിൽ പുതുതായി പ്രവേശിക്കുന്ന അധ്യാപകർക്ക് 7 ദിവസം നീണ്ടു നിൽക്കുന്ന റസിഡൻഷ്യൽ പരിശീലനങ്ങളും ആരംഭിച്ചു.  പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അധ്യാപകരുടെ  പരിശീലന പരിപാടിയും സമഗ്രമായി  പരിഷ്‌കരിക്കും. സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണ
മേന്മ വർദ്ധിപ്പിക്കാൻ വിദ്യാഭ്യാസ ഓഫീസർമാരുടെ നേതൃത്വത്തിലുള്ള അക്കാദമിക് മോണിറ്ററിംഗ് അത്യാവശ്യമാണ്. 

പ്രൈമറി തലത്തിൽ നടപ്പിലാക്കാൻ പോകുന്ന സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പരിപാടിയിലും,  മെന്ററിംഗ് പോർട്ടലായ സഹിതം ഫല പ്രദമായി ഉപയോഗപ്പെടുത്തുന്നതിനു വേണ്ടിയും മോണിറ്ററിംഗ് ശക്തിപ്പെടുത്തും. ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസത്തിനായി വകുപ്പ് പ്രത്യേക ശ്രദ്ധ നൽകും.  ഇപ്പോൾ തന്നെ നടപ്പിലാക്കികൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ തുടരുന്നതിനോടൊപ്പം ഈ മേഖലയിലെ അധ്യാപകർക്ക് പ്രത്യേക പരിശീലന പരിപാടികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണ്. 

കേരളത്തിലെ ഇത്തരം കുട്ടികളെയും  അവരുടെ രക്ഷിതാക്കളേയും  അധ്യാപകരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പ്രത്യേക സംഗമം 2023 ഒക്‌ടോബർ മാസത്തിൽ തിരുവനന്തപുരത്ത് വെച്ച് നടത്താൻ പോവുകയാണ്.

അടുത്ത അക്കാദമിക വർഷം തന്നെ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ നൂറ്റി അറുപത്തിയെട്ട് പാഠപുസ്തകങ്ങൾ 
 പരിഷ്‌കരിച്ച് വിദ്യാലയങ്ങളിൽ എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പുതിയ പാഠപുസ്തകങ്ങൾ 2025 ജൂൺ മാസത്തിലും വിദ്യാലയങ്ങളിൽ എത്തും.കൂടാതെ ഹയർ സെക്കണ്ടറി വിഭാഗത്തിലെ പാഠപുസ്തക പരിഷ്‌കരണവും നടക്കും. 

 പുതിയ പാഠ്യപദ്ധതിക്കനുസരിച്ചുള്ള  പരിശീലന പരിപാടികളും സംഘടിപ്പിക്കും.  പുതിയ കാലത്തിനനുസരിച്ച് പാഠ്യ
 പദ്ധതിയും അത് സ്വീകരിക്കാൻ സന്നദ്ധമായ അധ്യാപക രക്ഷാകർത്തൃ സമൂഹത്തേയുമാണ് നമുക്കാവശ്യം. ഗുണമേന്മാ പൊതുവിദ്യാഭ്യാസം എന്ന ലക്ഷ്യത്തിലേക്കുള്ള  യാത്രയിൽ കേവലമായ വിവാദങ്ങൾ തടസ്സമായിക്കൂടായെന്നും മന്ത്രി വി ശിവൻകുട്ടി 
 ചൂണ്ടിക്കാട്ടി.
 ചടങ്ങിൽ ഗതാഗത മന്ത്രി അഡ്വ.ആന്റണി രാജു അധ്യക്ഷനായിരുന്നു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് 
 ഐഎഎസ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ്. ഐഎഎസ്, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ. കെ. 
 തുടങ്ങിയവർ സംബന്ധിച്ചു.