LogoLoginKerala

പൊക്കാളി വിളവെടുപ്പ് നാടകത്തിന് കൃഷിമന്ത്രി നേതൃത്വം നൽകിയത് ദൗർഭാഗ്യകരമെന്ന് നെൽ കർഷകർ

 
പൊക്കാളി വിളവെടുപ്പ് നാടകത്തിന് കൃഷിമന്ത്രി നേതൃത്വം നൽകിയത് ദൗർഭാഗ്യകരമെന്ന് നെൽ കർഷകർ

കൊച്ചി: പൊക്കാളി നിലങ്ങളിലെ സവിശേഷമായ കൃഷി സമ്പ്രദായം സംരക്ഷിക്കുവാൻ ബാധ്യസ്ഥനായ കൃഷിമന്ത്രി തന്നെ നെൽകൃഷിയുടെ ശവക്കുഴി തോണ്ടുന്ന നിലപാടെടുത്തത് അങ്ങേയറ്റം ദൗർഭാഗ്യകരം ആണെന്ന് നെൽ കർഷകർ ആരോപിച്ചു. മർവാക്കാട് പാടശേഖരത്തിന്റെ പരിധിയിൽ പെടുന്ന 105 ഏക്കറിലെ നെൽകൃഷിയും പൂർണ്ണമായും ഉപ്പുവെള്ളം കയറ്റി പാടശേഖരത്തിന്റെ ഭാരവാഹികൾ നശിപ്പിച്ച വിവരം മുൻകൂട്ടി മന്ത്രിയുടെ ഓഫീസ് ഉൾപ്പെടെ എല്ലാ അധികാര കേന്ദ്രങ്ങളിലും രേഖാമൂലം അറിയിച്ചിരുന്നു . കൊച്ചി മുൻസിഫ് കോടതിയിൽ നെൽ കർഷകനായ ചന്തു മഞ്ചാടിപറമ്പിൽ സമർപ്പിച്ച ഹർജിയെ തുടർന്ന്(OS 303/2022 dated 18/10/22) നിയോഗിക്കപ്പെട്ട അഭിഭാഷക കമ്മീഷനും ഈ വസ്തുതകൾ സാക്ഷ്യപ്പെടുത്തുന്ന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ചെയർമാൻ ആയിട്ടുള്ള PLDAയുടെ ഉത്തരവ് പ്രകാരം ഏപ്രിൽ 15 മുതൽ നവംബർ 14 വരെ നെൽകൃഷിയുടെ സീസൺ ആണ്. ഈ കാലയളവിൽ വയലുകളിൽ ഓര് ജല മത്സ്യകൃഷിയുടെ (saline aquaculture) ഒരു തരത്തിലുള്ള പ്രവർത്തനങ്ങളും അനുവദനീയമല്ല. നവംബർ 15 മുതൽ ഏപ്രിൽ 14 വരെ മാത്രമാണ് ഓര് ജല മത്സ്യകൃഷി പൊക്കാളി നിലങ്ങളിൽ ലൈസൻസ് ഓടുകൂടി നിയമവിധേയം ആയിട്ടുള്ളത്. 435 ഏക്കർ വിസ്തൃതിയുള്ള മറുവക്കാട് പാടശേഖരത്തിൽ 261 ഏക്കർ കൃഷി യോഗ്യമായ വയലുകളാണ്. എന്നാൽ കഴിഞ്ഞ ഒരു ദശാബ്ദത്തിൽ ഏറെയായി കേവലം പത്തേക്കറിൽ താഴെ മാത്രമാണ് കൃഷി നടത്തപ്പെടുന്നത്.

പാടശേഖരം കൃഷിയോഗ്യമാക്കി നിലനിർത്തുവാൻ വർഷംതോറും 50 ലക്ഷത്തിലധികം രൂപയാണ് പൊതുഖജനാവിൽ നിന്ന് ചെലവഴിക്കപ്പെടുന്നത് . മത്സ്യകൃഷി കഴിഞ്ഞ് ഉപ്പുവെള്ളം പുറം കായലിലേക്ക് നിർമാർജനം ചെയ്യുവാൻ ഉപയോഗിക്കുന്ന മോട്ടോർകളുടെ വൈദ്യുതി ബില്ല് കൃഷിവകുപ്പാണ് അടക്കുന്നത്. മോട്ടോറുകൾ സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ് സ്ഥാപിച്ചിരിക്കുന്നത്. പുറം കായലിലെ ഉപ്പുവെള്ളത്തിൽ നിന്ന് കൃഷിയെ സംരക്ഷിക്കുവാൻ ആവശ്യമായ പുറം ബണ്ടുകളുടെ സംരക്ഷണവും നവീകരണവും ഉറപ്പാക്കുന്നതിനു വേണ്ടി മൈനർ ഇറിഗേഷൻ വകുപ്പ് വർഷംതോറും ലക്ഷങ്ങൾ മുടക്കുന്നു. എന്നാൽ ഈ പശ്ചാത്തല സൗകര്യങ്ങളെല്ലാം മത്സ്യ കൃഷിക്ക് വേണ്ടി മാത്രമാണ് പാടശേഖര ഭാരവാഹികൾ വിനിയോഗിക്കുന്നത്. കാർഷിക കലണ്ടർ നിരന്തരം ലംഘിക്കപ്പെടുന്നു. നെൽവയലുകളിലെ ഉപ്പുവെള്ളം സമയബന്ധിതമായി നിർമ്മാർജ്ജനം ചെയ്യുവാൻ പാടശേഖര ഭാരവാഹികൾ തയ്യാറാകുന്നില്ല. ഗതികെട്ടിട്ടാണ് നെൽ ക്ർഷകർ WPC 24586/20 ഹർജിയിലൂടെ ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിച്ചത്. വിശദമായ അന്വേഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷം ഹൈക്കോടതി സുപ്രധാനമായ വിധി പുറപ്പെടുവിച്ചിട്ട് (22/10/21) ഇന്നേക്ക് ഒരു വർഷം തികയുകയാണ്. വിധി നടപ്പിലാക്കുവാൻ ബാധ്യസ്ഥരായ ഉദ്യോഗസ്ഥ വൃന്ദം തന്നെയാണ് വിധിയുടെ സാരാംശം അട്ടിമറിക്കുന്നത്.

PLDA വിജ്ഞാപനം ചെയ്തിട്ടുള്ള പ്രകാരം നിലം ഉടമകൾക്ക് തങ്ങളുടെ നെൽ വയലുകളിൽ നിന്നും ഏപ്രിൽ 15ന് മുമ്പ് തന്നെ ഉപ്പുവെള്ളം പൂർണ്ണമായും നിർമാർജനം ചെയ്തു നൽകേണ്ട ബാധ്യത കൃഷി വകുപ്പിനാണ് എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉത്തരവ് ഫലപ്രദമായി പാലിക്കാത്തത് മൂലം നിലം ഉടമകൾക്ക് വിജയകരമായി നെൽകൃഷിയിൽ ഏർപ്പെടുവാൻ സാധിക്കുന്നില്ല. നെൽകൃഷി ആദായകരമല്ല, വയലുകളിൽ ജോലി ചെയ്യുവാൻ തൊഴിലാളികളെ ലഭിക്കുന്നില്ല, വിത്ത് ലഭിക്കുന്നില്ല തുടങ്ങിയ അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി മത്സ്യ ലോബി സജീവമായി ഉണ്ട് . ഇത് തുറന്നു കാണിക്കുന്നതിന് പകരം കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരും മറ്റു ബന്ധപ്പെട്ട വകുപ്പുകളും സർക്കാരിൻറെ നയങ്ങൾക്കെതിരെയാണ് നിലകൊള്ളുന്നത്. നെൽകൃഷി പൂർണമായും നശിച്ചു എന്ന് തെളിയിക്കപ്പെട്ട ഒരു പാടശേഖരത്തിന്റെ വിളവെടുപ്പ് നാടകത്തിൽ കൃഷി മന്ത്രി നേതൃത്വം കൊടുത്തത് വഴി നിയമലംഘനങ്ങൾ നടത്തുന്ന സാമൂഹ്യവിരുദ്ധ ശക്തികൾക്കാണ് പ്രോത്സാഹനം നൽകുന്നത് എന്ന് നെൽ കർഷകർക്ക് വേണ്ടി ബേബി ജോസഫ്, സരോജിനി ചന്തു, ദീപക് എം സി, തറയിൽ സേവിയർ, പുഷ്പൻ കണ്ണിപ്പുറത്ത്, ഫ്രാൻസിസ് കളത്തിങ്കൽ, വർഗീസ് കുട്ടി മുണ്ടുപറമ്പിൽ പള്ളിപ്പറമ്പിൽ ബാബു തുടങ്ങിയവർ പ്രസ്താവിച്ചു.

മറുവാക്കാട് പാടശേഖരത്തിന്റെ പരിധിയിൽ തന്നെ പെടുന്ന, ചന്തു മഞ്ചാടിപറമ്പിലിന്റെ 2.6 ഏക്കർ നെൽ കൃഷിയുടെ വിളവെടുപ്പ് 30/10/22 രാവിലെ 9.30ന് ജസ്റ്റിസ് കെ സുകുമാരന്റെ നേതൃത്വത്തിൽ സാമൂഹ്യ പ്രവർത്തകരുടെയും കോളേജ് വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തത്തോടു കൂടി വിളവെടുക്കുമെന്ന് പൊക്കാളി സംരക്ഷണ സമിതി അറിയിച്ചു.