LogoLoginKerala

എംജി സര്‍വകലാശാല കലോത്സവം ഫെബ്രുവരി 8 മുതല്‍ എറണാകുളത്ത്

 
mg university kalolsavam


കൊച്ചി: എംജി സര്‍വകലാശാല കലോത്സവം ഫെബ്രുവരി എട്ടു മുതല്‍ 12 വരെ എറണാകുളത്ത് നടക്കും. ദര്‍ബാര്‍ ഹാള്‍ മൈതാനം, രാജേന്ദ്ര മൈതാനം, മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായി ഏഴ് വേദിയിലായിട്ടാണ് മത്സരങ്ങള്‍. എംജി സര്‍വകലാശാലയ്ക്ക് കീഴിലെ വിവിധ കോളേജുകളിലെ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ മത്സരങ്ങളില്‍ മാറ്റുരയ്ക്കും.
 
കലോത്സവത്തിന്റെ വിജയത്തിനായുള്ള സ്വാഗതസംഘം രൂപീകരണയോഗം കൊച്ചി മേയര്‍ എം അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ആയിരത്തിയൊന്നംഗ സ്വാഗത സംഘവും 101 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയുമാണ് രൂപീകരിച്ചത്. സ്വാഗത സംഘം ചെയര്‍മാനായി മേയര്‍ എം അനില്‍കുമാറിനെയും ജനറല്‍ കണ്‍വീനറായി അര്‍ജുന്‍ ബാബുവിനെയും തെരഞ്ഞെടുത്തു.  
മഹാരാജാസ് കോളേജ് കലോത്സവം 'പുലയാട്ടി'ന്റെ ഉദ്ഘാടനവും മേയര്‍ ഇതോടൊപ്പം നിര്‍വഹിച്ചു.
 
യൂണിവേഴ്സിറ്റി യൂണിയന്‍ വൈസ് ചെയര്‍മാന്‍ ആശിഷ് എസ് ആനന്ദ് അധ്യക്ഷനായി. എംജി സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗം ഡോ. ഷജില ബീവി, കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍ ഡോ. സി എം ശ്രീജിത്ത്, എസ്എഫ്ഐ ജില്ലാ സെക്രട്ടറി അര്‍ജുന്‍ ബാബു, മഹാരാജാസ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബിന്ദു ശര്‍മിള, പിടിഎ സെക്രട്ടറി ഡോ. എം എസ് മുരളി, എംജി സര്‍വകലാശാല സെനറ്റ് അംഗം ജിതിന്‍ ജോണ്‍സണ്‍, അമല്‍ സോഹന്‍, എ ആര്‍ രഞ്ജിത്ത്, അനീഷ് എം മാത്യു, വില്ലേജ് ഓഫീസര്‍ വി സി രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു