LogoLoginKerala

ഭിന്നശേഷിക്കാരുടെയും ഗര്‍ഭിണികളുടെയും ക്ഷേമത്തിനായി 50 കോടിയുടെ പദ്ധതിയുമായി മാതാ അമൃതാനന്ദമയി മഠം

 
matha amruthananda

കൊല്ലം: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന  ജി 20 ഉച്ചകോടിയുടെ ഔദ്യാഗിക സംഘമായ  സി 20 യുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ വര്‍ഷം  50 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് മാതാ അമൃതാനന്ദമയി മഠം. ഭിന്നശേഷിക്കാരുടെയും ഗര്‍ഭിണികളുടെയും ക്ഷേമത്തിനായാണ് ഈ തുക ചിലവഴിക്കുക.  സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകളുടെ സമിതിയായ സി 20യുടെ വെര്‍ച്വല്‍ ഉദ്ഘാടന സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.  നിയമനിര്‍മാണത്തിലൂടെയോ ചര്‍ച്ചകളിലൂടെയോ  മാത്രം സുസ്ഥിരവികസനം സാധ്യമാകില്ലെന്നും അതിന് നമ്മുടെ നിലപാട് കൂടി മാറേണ്ടതുണ്ടെന്നും   ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കവേ സി 20 സമിതി അധ്യക്ഷ കൂടിയായ മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. ജി 20 ഉച്ചകോടിയുടെ അധ്യക്ഷത ഭാരതത്തിന് ലഭിച്ച ചരിത്രപ്രധാനമായ അവസരമാണ്. സി 20യുടെ പ്രവര്‍ത്തനങ്ങള്‍ വിജയകരമാക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് ഭാരതസര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്രമോദിയും നമ്മളില്‍ ഏല്‍പ്പിച്ചിരിക്കുന്നതെന്നും അമ്മ പറഞ്ഞു.  

ലോകം മുഴുവന്‍ ഒരു കുടുംബമാണെന്നുള്ള വസുദൈവ കുടുംബകം എന്ന സന്ദേശം നല്‍കിയവരാണ് ഭാരതത്തിലെ ഋഷിവര്യന്‍മാര്‍. അതു കൊണ്ടു തന്നെ ഇത്തവണ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 സമ്മേളനത്തിന്റെ ആശയം വളരെ അനുയോജ്യമാണ്. ഈ ആശയം പ്രാവര്‍ത്തികമാക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെയെന്നും അമ്മ പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിനായുള്ള ശക്തികള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം തന്നെ  പ്രകൃതിയെന്ന ശക്തിയെയും  നമ്മള്‍ ശ്രദ്ധിക്കണം. പരിസ്ഥിതി സംരക്ഷണം കൂടാതെയുള്ള വികസനം അസന്തുലിതമായിരിക്കും. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്‍ അവന്റെ മനസ്സില്‍ സൃഷ്ടിക്കുന്ന ദുഷിച്ച കാലാവസ്ഥയുടെ പ്രതിഫലനമാണ്. എന്റേത് എന്ന ചിന്തയിലേക്ക്  നീങ്ങുന്നതോടെ മനുഷ്യന്റെ ഏറ്റവും വലിയ ശത്രു മനുഷ്യന്‍ തന്നെയായി മാറുകയാണെന്നും അമ്മ പറഞ്ഞു.  

ഏത് പദ്ധതിയുടെയും വിജയത്തിന് സമൂഹത്തിന്റെ പങ്കാളിത്തം വളരെ അനിവാര്യമാണെന്നും ജി 20 സമ്മേളനത്തില്‍ സമൂഹത്തിന്റെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് സി20 ഒരു പ്രധാനപങ്ക് വഹിക്കുന്നുണ്ടെന്നും സമ്മേളനത്തില്‍ സംസാരിച്ച തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി പറഞ്ഞു. ലോകം ഇന്ന് പലവിധത്തിലുള്ള പ്രതിസന്ധികളിലൂടെ കടന്നു പോകുകയാണെന്നും ഇതിനെയെല്ലാം അതിജീവിക്കാന്‍ കൂട്ടായ ചിന്തകളും ആശയങ്ങളും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

സി20 വര്‍ക്കിങ് ഗ്രൂപ്പുകളില്‍ നിന്നും ഉരുത്തിരിയുന്ന ആശയങ്ങള്‍ ലോകം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികള്‍ക്കുള്‍പ്പെടെ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. മാതാ അമൃതാനന്ദമയി ദേവിയുടെ നേതൃത്വത്തില്‍ ഇതിനായി നടത്തുന്ന പരിശ്രമങ്ങള്‍ വളരെ മഹത്തരമാണെന്നും അനുരാഗ് താക്കൂര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീയെന്നോ പുരുഷനെന്നോ ചെറുപ്പക്കാരെന്നോ പ്രായമായവരെന്നോ വ്യത്യാസമില്ലാതെ സമൂഹത്തിലെ എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ജി 20 യാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്യുന്നതെന്നും സി 20 യിലൂടെയാണ് ഇത് സാധ്യമാകുകയെന്നും ചടങ്ങില്‍ സംസാരിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ അഭിപ്രായപ്പെട്ടു.   

ഇന്ന് നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ ലോകം കൈകോര്‍ക്കുന്ന ഒരു വേദിയാണ് ജി 20യെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിച്ചേരാന്‍ കഴിയുന്ന ഏറ്റവും ഫലപ്രദമായ സംവിധാനമാണ് സിവില്‍ സൊസൈറ്റി സംഘങ്ങളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എല്ലാവരും കൂടിച്ചേര്‍ന്നുള്ള ഒരു രാജ്യാന്ത കൂട്ടായ്മയാണ് ഇത്തവണ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയെന്ന് സമ്മേളനത്തില്‍ സംസാരിച്ച നീതി ആയോഗ് മുന്‍ സിഇഒയും ജി 20 ഷെര്‍പ്പയുമായ ( ഇന്ത്യയുടെ പ്രത്യേക പ്രതിനിധി)  അമിതാഭ് കാന്ത് പറഞ്ഞു. ഇന്ത്യയില്‍ ജനസംഖ്യയില്‍ കൂടുതലുള്ളത് സ്ത്രീകളായതിനാല്‍ തന്നെ അവരെ മുന്‍നിര്‍ത്തിയുള്ള ഒരു വികസന നയമാണ് അഭികാമ്യം. ഗവണ്‍മെന്റ് തലത്തിനുമപ്പുറമുള്ള ഒരു പൊതു ചര്‍ച്ചാവേദിയായി ജി 20 ഉച്ചകോടി മാറണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അമിതാഭ് കാന്ത് വ്യക്തമാക്കി.  

സി20 പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാതാ അമൃതാനന്ദമയി മഠം ഒരു വര്‍ഷത്തിനുള്ളില്‍ 50 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന്  മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി ചടങ്ങില്‍ പ്രഖ്യാപിച്ചു.  ഈ തുക ഭിന്നശേഷിക്കാരായ ആളുകളുടെ ക്ഷേമത്തിനും  പോഷകക്കുറവുള്ള ഗര്‍ഭിണികളുടെ ആരോഗ്യസംരക്ഷണത്തിനുമായി  ചിലവാക്കുമെന്നും ഇവരുടെ ജീവിതത്തില്‍പ്രകടമായ മാറ്റങ്ങള്‍ വരുത്താന്‍ ഇതുകൊണ്ട് സാധിക്കുമെന്നും സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു.

ശശി തരൂര്‍ എം.പി, സി 20 സമിതി സെക്രട്ടേറിയേറ്റായ രാംഭൗ മല്‍ഗി പ്രബോധിനിയുടെ വൈസ് ചെയര്‍മാനും ഐസിസിആര്‍ അധ്യക്ഷനുമായ  വിനയ് പി സഹസ്രബുദ്ധെ, സത്സംഗ് ഫൗണ്ടേഷന്‍ സ്ഥാപകനും സി20 സമിതി അംഗവുമായ ശ്രീ എം,  വിവേകാനന്ദ കേന്ദ്ര അഖിലേന്ത്യാ വൈസ് പ്രസിഡന്റും സി20 കോര്‍ ഗ്രൂപ്പ് അംഗവുമായ നിവേദിത ആര്‍.ഭിദേ, ജി 20 ഷെര്‍പ്പ വിജയ് കെ നമ്പ്യാര്‍, സാമൂഹ്യ പ്രവര്‍ത്തകനും സെയില്‍സ്‌ഫോഴ്‌സ് സിഇഒയുമായ മാര്‍ക്ക് ബെനിയോഫ്, സാമൂഹ്യ പ്രവര്‍ത്തകനും സംരംഭകനുമായ ടി. ഡെന്നി സാന്‍ഫോര്‍ഡ്, ഇന്തോനേഷ്യ സി20 രാജ്യാന്തര അഡൈ്വസറി കമ്മിറ്റി അംഗവും ബ്രസീലില്‍ നിന്നുള്ള ട്രോയ്ക്ക മെമ്പറുമായ അലസാന്ദ്ര നിലോ, ഫ്രാന്‍സ് റെഡ് ക്രോസ് ജനറല്‍ ലീഗല്‍ ഡയറക്ടര്‍ എം. ലോറെന്റ് ബെസേഡെ, ഇന്ത്യോനേഷ്യയില്‍ നിന്നുള്ള ട്രോയ്ക്ക അംഗവും സി20 ഇന്തോനേഷ്യ ഷെര്‍പ്പയുമായ അഹ് മഫ്തുചാന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംസാരിച്ചു. സി 20 സമിതി സെക്രട്ടേറിയേറ്റായ രാംഭൗ മല്‍ഗി പ്രബോധിനിയുടെ പ്രതിനിധിയും ജി20യില്‍ സോസ് ഷെര്‍പ്പയുമായ  സ്വദേശ് സിങ് നന്ദി പറഞ്ഞു.  

ജി 20  ഉച്ചകോടിയില്‍ സമൂഹത്തിന്റെ എല്ലാ തലത്തിലുള്ള ആളുകളുടെയും ശബ്ദം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജി-20ല്‍ അംഗമല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള സംഘടനകള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ 800-ലധികം സിവില്‍ സൊസൈറ്റികളും ഇവയുടെ പ്രതിനിധികളും ശൃംഖലകളുമായും ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളാണ് സി-20 നടത്തുന്നത്. ജി 20 അംഗ രാജ്യങ്ങള്‍ക്കിടയില്‍ സിഎസ്ഒ പ്രാതിനിധ്യം 2010 ലാണ് ആരംഭിച്ചത്. 2013 ല്‍ ഇത് ജി-20 യുടെ  ഔദ്യോഗിക സമിതിയായി.