മണിപ്പൂര്‍ കലാപം; 'ഇന്ത്യയുടെ' അവിശ്വാസ പ്രമേയത്തില്‍ പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്

മണിപ്പൂര്‍ വിഷയത്തില്‍ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' നല്‍കിയ അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി പറയും. അവിശ്വാസ പ്രമേയത്തിന് സഭയില്‍ ഇന്ന് വോട്ടെടുപ്പ് നടന്നേക്കും. വോട്ടെടുപ്പില്‍ വിജയ പ്രതീക്ഷ ഇല്ലെങ്കിലും പ്രധാനമന്ത്രിയെ കൊണ്ട് മറുപടി പറയിക്കുകയായിരുന്നു പ്രതിപക്ഷത്തിന്റെ ലക്ഷ്യം.
അതേസമയം, മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' കൊണ്ടു വന്ന അവിശ്വാസ പ്രമേയ ചര്‍ച്ച ഇന്ന് അവസാനിക്കും. ഇതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ മറുപടി. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ മൗനം തുടര്‍ന്ന സാഹചര്യത്തിലാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
അവിശ്വാസ പ്രമേയം പാസ്സായില്ലെങ്കിലും ശക്തി തെളിയിക്കുകയാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണി ലക്ഷ്യമിടുന്നത്. മുന്നണിയുടെ ഭാഗമല്ലെങ്കിലും ബിആര്‍എസ് അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. മണിപ്പൂര്‍ വിഷയത്തില്‍ ചൊവ്വാഴ്ചയാണ് ലോക്സഭയില്‍ അവിശ്വാസ പ്രമേയത്തിന്മേല്‍ ചര്‍ച്ച തുടങ്ങിയത്.