LogoLoginKerala

മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ അന്തരിച്ചു

 
fathima umma
സിനിമയില്‍ തന്റെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാല്‍, ആരെങ്കിലും അടിച്ചാല്‍ പോലും കരയുന്ന ഉമ്മയെന്ന് മമ്മൂട്ടി

കൊച്ചി- നടന്‍ മമ്മൂട്ടിയുടെ അമ്മ ഫാത്തിമ ഇസ്മായില്‍ അന്തരിച്ചു.93 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
പരേതനായ ചെമ്പ് പാണപ്പറമ്പില്‍ ഇസ്മയില്‍ ആണ് ഭര്‍ത്താവ്. ആലപ്പുഴ ജില്ലയിലെ എരമല്ലൂരിനടുത്തുള്ള ചന്തിരൂരാണ് ഫാത്തിമയുടെ ജനനം. മമ്മൂട്ടി മൂത്ത മകനാണ്. ചലച്ചിത്ര-സീരിയല്‍ നടന്‍ ഇബ്രാഹിംകുട്ടി, ചലച്ചിത്ര നിര്‍മ്മാതാവ് സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് മറ്റ് മക്കള്‍.  മരുമക്കള്‍: പരേതനായ സലിം (കാഞ്ഞിരപ്പള്ളി), കരിം (തലയോലപ്പറമ്പ്), ഷാഹിദ് (കളമശ്ശേരി), സുല്‍ഫത്ത്, ഷെമിന, സലീന. യുവതാരം ദുല്‍ക്കര്‍ സല്‍മാന്‍, മക്ബൂല്‍ സല്‍മാന്‍, അഷ്‌ക്കര്‍ സൗദാന്‍ എന്നിവര്‍ കൊച്ചുമക്കളാണ്. ഖബറടക്കം ഇന്ന് വൈകിട്ട് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് മുസ്ലീം ജമാഅത്ത് പള്ളിയില്‍ വെച്ച് നടക്കും.

fathima umma


എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും നല്ല സുഹൃത്തും ആദ്യത്തെ സുഹൃത്തും അമ്മയാണ്- എന്നാണ് ഒരിക്കല്‍ ഉമ്മയെ കുറിച്ച് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. സിനിമയില്‍ തന്റെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാല്‍, ആരെങ്കിലും അടിച്ചാല്‍ പോലും കരയുന്ന ഉമ്മയാണെന്ന് മമ്മൂട്ടി പറയുകയുണ്ടായി. 'എന്റെ ഉമ്മ ഒരു പാവമാണ്. ഞാന്‍ അഭിനയിക്കുന്ന സിനിമയില്‍ എന്റെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാല്‍, എന്നെ ആരെങ്കിലുമൊന്ന് അടിച്ചാല്‍ ഉമ്മയുടെ കണ്ണ് ഇപ്പോഴും നിറയും. എന്റെ സിനിമയില്‍ ഏതാണ് ഇഷ്ടം. എന്റെ ഏതു കഥാപാത്രമാണ് കൂടുതല്‍ മികച്ചത് എന്നാരെങ്കിലും ചോദിച്ചാലും ഉമ്മ കൈമലര്‍ത്തും. അങ്ങനൊന്നും പറയാന്‍ ഉമ്മയ്ക്ക് അറിയല്ല. ഉമ്മ ഇപ്പേള്‍ കുറേ ദിവസമായി എന്റെ വീട്ടിലുണ്ട്. പെട്ടെന്നൊരു ദിവസം ഉമ്മയ്ക്ക് തോന്നും ഇളയ മകന്റെ അടുത്തേയ്ക്ക് പോകണമെന്ന്, 'എന്നെ അവിടെക്കൊണ്ടാക്ക്' എന്ന് പറഞ്ഞ് ബഹളം തുടങ്ങും. ഒരാഴ്ച അവിടെ താമസിച്ചു കഴിഞ്ഞ് അടുത്ത മകന്റെ വീട്ടിലേക്ക് പോകും. എല്ലാ വീടുകളിലുമായി പറന്ന് നടന്ന് എല്ലായിടത്തും തന്റെ കണ്ണ് എത്തുന്നുണ്ട് എന്ന് ഓര്‍മിപ്പിക്കുകയാണ് ഉമ്മ. 'ഉമ്മയ്ക്ക് എന്നെ ഒട്ടും ഇഷ്ടമില്ല. മറ്റ് മക്കളോടാണ് കൂടുതല്‍ സ്‌നേഹം' എന്ന് പറഞ്ഞ് ഞാനിടയ്ക്ക് ഉമ്മയെ പ്രകോപിപ്പിക്കും. അപ്പോഴും ഉമ്മ ചിരിക്കും.- മമ്മൂട്ടി ഒരഭിമുഖത്തില്‍ പറഞ്ഞു.