LogoLoginKerala

അബ്ദുനാസര്‍ മഅ്ദനി ആശുപത്രിയില്‍ തുടരും, വിദഗ്ധ മെഡിക്കല്‍ സംഘത്തെ നിയോഗിക്കണം

 
maadani

കൊച്ചി- ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരും.ആരോഗ്യനില വീണ്ടെടുക്കാന്‍ കുറച്ച് ദിവസം കൂടി അദ്ദേഹം ആശുപത്രിയില്‍ തുടരേണ്ടിവരുമെന്ന് മെഡിക്കല്‍ട്രസ്റ്റ് ആശുപത്രിയിലെ നെഫ്രോളജിസ്റ്റ് ഡോ.മുഹമ്മദ് ഇഖ്ബാല്‍ അറിയിച്ചു.വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഇന്നലെ പിശോധിച്ചിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്ന നിലയില്‍ ക്രിയാറ്റിന്റെ അളവും ക്രമാതീതമായി വര്‍ദ്ധിച്ചതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കൂടുതല്‍ പരിശോധനകളും വിദഗ്ദധ ചികിത്സയും ലഭ്യമാക്കേണ്ടതുണ്ടെന്നാണ് നിര്‍ദേശം. നിലവിലെ ആരോഗ്യാവസ്ഥയില്‍ യാത്ര ചെയ്യാന്‍ കഴിയില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 

അതേ സമയം മഅ്ദനി അനുഭവിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തിര ഇടപെടലുണ്ടാവുകയും വിദഗ്ധ മെഡിക്കല്‍ സംഘത്തെ നിയോഗിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തകയും ചെയ്യണമെന്ന് പി ഡി പി നേതാക്കള്‍ ആവശ്യപ്പെട്ടു. ആരോഗ്യസ്ഥിതി പ്രയാസകരമായി തുടരുന്ന സാഹചര്യത്തില്‍ ചികിത്സക്ക് കൂടുതല്‍ ഇളവ് ലഭ്യമാക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് നേതൃത്വം കര്‍ണ്ണാടക സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നും പി ഡി പി വൈസ് ചെയര്‍മാന്‍ മുഹമ്മദ് ബിലാല്‍, മഅ്ദനിയുടെ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി, സംസ്ഥാന ജനറല്‍ സെക്രട്ടറി വി എം അലിയാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 

തിങ്കളാഴ്ച രാത്രിയാണ് ബംഗളൂരുവില്‍ നിന്ന് മഅ്ദനി കേളത്തിലെത്തിയത്. കൊച്ചിയില്‍ നിന്നും കൊല്ലത്തേക്ക് യാത്ര തിരിച്ച് അഞ്ച് കിലോമീറ്റര്‍ പിന്നിടുന്നതിനിടെയാണ് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദം ഉയര്‍ന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു.ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത ശേഷമാകും പിതാവിനടുത്തേക്ക് പോവുക. ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണാനാണ് മദനി അഞ്ചര വര്‍ഷത്തിന് ശേഷം കേരളത്തിലെത്തിയത്.