LogoLoginKerala

അനീതിക്ക് വഴങ്ങി നാട്ടിലേക്ക് പോകാന്‍ തയ്യാറല്ലെന്ന് അബ് ദുള്‍ നാസര്‍ മഅ്ദനി

മരിക്കേണ്ടി വന്നാലും അനീതിയോട് സന്ധിയില്ല
 
maadani

ബാംഗ്ലൂര്‍- സുപ്രീംകോടതിയുടെ നീതി നിഷേധം അംഗീകരിച്ചും കര്‍ണാടക പോലീസിന്റെ നിബന്ധനകള്‍ സ്വീകരിച്ച് തെറ്റായ ഒരു കീഴ് വഴക്കം സൃഷ്ടിച്ചും നാട്ടിലേക്ക് പോകാന്‍ തയ്യാറല്ലെന്ന് അബ്ദുള്‍ നാസര്‍ മഅ്ദനി വ്യക്തമാക്കി. ബാംഗ്ലൂരില്‍ ജാമ്യത്തില്‍ കഴിയുന്ന മഅ്ദനിക്ക് നാട്ടിലേക്ക് പോകണമെങ്കില്‍ 60 ലക്ഷത്തോളം രൂപ കെട്ടിവെക്കണമെന്ന കര്‍ണാടക പോലീസിന്റെ ഉപാധി റദ്ദാക്കാന്‍ വിസമ്മതിച്ച സുപ്രീം കോടതി വിധിയോട് ശബ്ദസന്ദേശത്തിലൂടെ പ്രതികരിക്കുകയായിരുന്നു മഅ്ദനി.


ഒരു പോലീസുകാരന്റെ മാത്രം ബാംഗ്ലൂരില്‍ കഴിയുന്ന തനിക്ക് ജന്‍മനാട്ടില്‍ പോകണമെങ്കില്‍ 200 ഓളം പോലീസുകാരുടെ അകമ്പടിയും വന്‍തുകയും വേണമെന്ന് പറയുന്നത് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മുമ്പ് രണ്ടു വട്ടം നാട്ടില്‍ പോകാന്‍ സുപ്രീം കോടതിയുടെ അനുമതി ലഭിച്ചത് ഇങ്ങനെ ഭീമമായ തുക കെട്ടിവെക്കണമെന്ന ഉപാധിയോടെയല്ല. അന്ന് കര്‍ണാടക പോലീസ് ചെലവിന് വന്‍തുക ചോദിച്ചപ്പോള്‍ സുപ്രീം കോടതി ചോദിച്ചത് പോലീസിന് ശമ്പളം കൊടുക്കാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി കര്‍ണാടക പോലീസിന്റെ ശമ്പളദാതാവാണോ എന്നാണ്. അന്ന് നീതിയുടെ ഭാഗത്തുള്ള ജഡ്ജിമാരായിരുന്നു കോടതിയിലുണ്ടായിരുന്നത്. തുക ഗണ്യമായി കുറച്ചുകിട്ടിയതു കൊണ്ടാണ് അന്ന് മകന്റെ വിവാഹത്തിന് താന്‍ പോകാന്‍ തയ്യാറായത്.


നിരവധി പേര്‍ തന്നെ വ്യക്തിപരമായി വിളിച്ചും സന്ദേശങ്ങളയച്ചും സാമ്പത്തിക പിന്തുണ അറിയിക്കുന്നുണ്ട്. പക്ഷെ കോടതിയില്‍ ജാമ്യം കിട്ടിയ ആള്‍ക്ക് പിറന്ന നാട്ടില്‍ രോഗിയായ പിതാവിനെ കാണാനും ചികിത്സക്കുമായി പോകുന്നതിന് ഇത്തരം ഉപാധികള്‍ അംഗീകരിച്ച് നീതി നിഷേധവുമായി സന്ധിയാകാന്‍ അഗ്രഹിക്കുന്നില്ല. അങ്ങനെ സന്ധി ചെയ്തിരുന്നുവെങ്കില്‍ ഇന്നുഭവിക്കുന്ന പല പ്രശ്‌നങ്ങളും തനിക്ക് അനുഭവിക്കേണ്ടി വരില്ലായിരുന്നു. തന്നെ സഹായിക്കാന്‍ ഒരുപാട് ആളുകളുണ്ടാകും. എന്നാല്‍ കഠിനമായ നീതിനിഷേധവും പീഢനങ്ങളും അനുഭവിക്കുന്ന ഒരുപാട് പട്ടിണിപ്പാവങ്ങള്‍ ജയിലുകളിലുണ്ട്. അവരിലൊരാളിലാണ് ഇത് സംഭവിക്കുന്നതെങ്കില്‍ അയാളെ സഹായിക്കാന്‍ ആരുമുണ്ടാകില്ല. ഈ നീതി നിഷേധത്തോട് ഞാന്‍ സന്ധിയായാല്‍, ഇങ്ങനെയൊരു കീഴ് വഴക്കം ഞാനുണ്ടാക്കിയാല്‍ നാളെ ഇത്തിരമൊരാള്‍ക്ക് ഈ സാഹചര്യമുണ്ടാകുമ്പോള്‍ കര്‍ണാകട പോലീസ് ലക്ഷക്കണക്കിന് രൂപയുടെ കണക്ക് എഴുതിക്കൊടുത്താല്‍ അയാള്‍ എന്തു ചെയ്യും.


അഭിഭാഷകരുമായി സംസാരിച്ച് ഇതിന് എന്തെങ്കിലും പരിഹാരമുണ്ടാക്കാന്‍ കഴിയുമോ ഈ അനീതിയുടെ വിധിയെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയുമോ എന്നെല്ലാം ആലോചിച്ച് മാത്രമെ ഇനി തീരുമാനമെടുക്കുകയുള്ളൂ. രോഗാവസ്ഥയുടെ ഭാഗമായി മരണം അനുഭവിക്കേണ്ടി വന്നാലും അനീതിയോട് സന്ധി ചെയ്യാതെ മരണപ്പെട്ടു എന്ന് അറിയപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നത്. അനീതിയുടെ വിധികളെ അംഗീകരിച്ച് മുന്നോട്ടു പോകാന്‍ കഴിയില്ല. ഇത് ധിക്കാരത്തിന്റെ ശബ്ദമല്ല നീതി നിഷേധിക്കപ്പെടുന്ന ഒരു വ്യക്തിയുടെ വേദനയോടെയുള്ള ശബ്ദമാണ്- മഅ്ദനി പറഞ്ഞു.