LogoLoginKerala

ലോക്സഭ തിരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധി ഇത്തവണ ഫുൽപുരിൽ നിന്നും മത്സരിച്ചേക്കും

 
priyanka gandhi

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശിലെ ഫുൽപുർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചേക്കുമെന്ന് സൂചന. 1952, 1957, 1962 വർഷങ്ങളിൽ ജവഹർലാൽ നെഹ്‌റു ഇവിടെ നിന്ന് തുടർച്ചയായി മൂന്ന് തിരഞ്ഞെടുപ്പുകളിൽ വിജയിച്ച് ലോക്സഭയിലെത്തിയിട്ടുണ്ട്. യുപിയിലെ ഗാന്ധി കുടുംബത്തിന്റെ കോട്ടയെന്ന് വിളിക്കപ്പെടുന്ന മൂന്ന് സീറ്റുകളിൽ ഒന്നാണിത്. റായ്ബറേലിയും അമേഠിയുമാണ് മറ്റ് രണ്ടെണ്ണം. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിലെത്തുകയാണെങ്കിൽ മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നും പ്രിയങ്കയ്ക്ക് ടിക്കറ്റും നൽകുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും പ്രധാനമന്ത്രി മോദി വിജയിക്കുന്ന വാരണാസിയിൽ നിന്ന് ഗാന്ധി കുടുംബാംഗങ്ങളില്‍ ആരെങ്കിലും ഒരാള്‍ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഉത്തർപ്രദേശില്‍ സമാജ്‌വാദി പാർട്ടി (എസ്‌പി) യുമായി സഖ്യമുണ്ടാക്കാനുള്ള നീക്കം സജീവമാക്കിയ ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും ഫൂല്‍പൂരില്‍ മത്സരിക്കാൻ സാധ്യതയുണ്ട്. എസ്പി സഖ്യത്തിന്റെ ഭാഗമായി ബിഹാറുമായി അതിർത്തി പങ്കിടുന്ന ഫുൽപുരില്‍ നിന്നും നിതീഷ് കുമാറിനെ ലോക്സഭയില്‍ എത്തിക്കണമെന്നായിരുന്നു ജെഡിയു നേതൃത്വത്തിന്റെ ആഗ്രഹം.

മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റുവും വി.പി. സിംഗും മുൻകാലങ്ങളിൽ പ്രതിനിധീകരിച്ച മണ്ഡലമായതിനാൽ ഫുൽപൂരിന് വലിയ രാഷ്ട്രീയ പ്രധാന്യവുമുണ്ട്. സോഷ്യലിസ്റ്റ് സൈദ്ധാന്തികനായ രാം മനോഹർ ലോഹ്യ തിരഞ്ഞെടുപ്പിൽ മത്സരിച്ച മണ്ഡലം കൂടിയാണിത്. 1962ൽ ഫുൽപൂരിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ച രാം മനോഹർ ലോഹ്യയുടെ പ്രത്യയശാസ്ത്രം പിന്തുടരുന്ന പാർട്ടിയാണ് ജെഡിയു.