LogoLoginKerala

അന്തരിച്ച ചലച്ചിത്ര സംവിധായകൻ കെ. ജി. ജോർജിന്റെ സംസ്കാരം ഇന്ന്

 
k g

അന്തരിച്ച ചലച്ചിത്ര സംവിധായകൻ കെ ജി ജോർജിന്റെ സംസ്കാരം ഇന്ന് വൈകീട്ട് 4.30 ന് കൊച്ചി രവിപുരം ശ്മാനത്തിൽ നടക്കും. ഞായറാഴ്ചയായിരുന്നു വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നു കെ. ജി. ജോർജ് മരണപ്പെട്ടത്. പല തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ച പ്രതിഭയാണ് കെ.ജി. ജോർജ്. കെ. ജി. ജോർജിന്റെ നിര്യാണത്തിൽ സിനിമാ രാഷ്ട്രീയ മേഖലയിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ നിര്യാണത്തിൽ അനുശോചിച്ചു.

സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്തതിലൂടെ ആസ്വാദക ഹൃദയത്തിൽ സ്ഥാനം പിടിച്ച ചലച്ചിത്രകാരനായിരുന്നു കെ. ജി. ജോർജെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹഘടനയും വ്യക്തിമനസ്സുകളുടെ ഘടനയും അപഗ്രഥിക്കുന്നത് അദ്ദേഹത്തിന്റെ സവിശേഷ രീതിയായിരുന്നുവെന്നും, കലാത്മകമായ സിനിമയും വാണിജ്യ സ്വഭാവമുള്ള സിനിമയും തമ്മിലുള്ള വേർതിരിവ് അങ്ങേയറ്റം കുറച്ചു കൊണ്ടുവന്ന ഇടപെടലുകളാണ് കെ.ജി. ജോർജിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

യവനിക, പഞ്ചവടിപ്പാലം, ഇരകൾ, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയിൽ അദ്ദേഹം ചുവടുറപ്പിച്ചത്. സ്വപ്നാടനം എന്ന ആദ്യ ചിത്രത്തിനു തന്നെ ദേശീയ പുരസ്കാരം തേടിയെത്തി. 40 വർഷത്തിനിടെ 19 സിനിമകളാണ് സംവിധാനം ചെയ്തത്. ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സൽമയാണ് ഭാര്യ.