കുഞ്ഞൂഞ്ഞ് പുതുപ്പള്ളിയിലേക്ക്; ജനനായകന് നാടിന്റെ പ്രണാമം

പ്രിയ നേതാവിന് അന്ത്യാജ്ഞലി അര്‍പ്പിച്ച് കോട്ടയം. പുതുപ്പള്ളിയില്‍ പ്രിയ നേതാവിന യാത്ര മൊഴി നല്‍കാന്‍ ജനലക്ഷങ്ങള്‍. ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുള്ള വാഹനം ജന്മനാട്ടിലേക്ക് തിരിച്ചു. ഒരു പകലും രാവും പ്രിയപ്പെട്ട തങ്ങളുടെ കുഞ്ഞൂഞ്ഞിനെ കാണാന്‍ പുതുപ്പള്ളിക്കാര്‍ കണ്ണിമ വെട്ടാതെ കാത്തിരിക്കുകയാണ്.
ജനമനസുകളുടെ ഹൃദയത്തില്‍ ഇത്രമേല്‍ ആഴ്ന്നിറങ്ങിയ മറ്റൊരു നേതാവിനെ അടുത്തകാലത്ത് രാഷ്ട്രീയ കേരളം കണ്ടിട്ടില്ല. വിലാപ യാത്ര വരുന്ന റോഡിനു ഇരുവശവും ജനസാഗരമാണ് പ്രിയ നേതാവിനെ കാണാനെത്തിയത്. തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ദുഃഖം അടക്കാനാവാതെ വിങ്ങിപ്പൊട്ടുന്ന കാഴ്ച്ചയാണ് കേരളം കണ്ടത്.
വിശ്രമമില്ലാതെ സാധാരണക്കാര്‍ക്ക് വേണ്ടി ആഹോരാത്രം കര്‍മ്മനിരതനായി പ്രവര്‍ത്തിച്ച ജനനായകന് ഇനി വിശ്രമത്തിന്റെ നാളുകളാണ്. വൈകുന്നേരം 4-30ന് പുതുപ്പള്ളിയിലെ തറവാട്ടില്‍ നിന്ന് പുതിയ വീട്ടിലേക്ക് ഭൗദിക ശരീരം വഹിച്ചുള്ള വാഹനം എത്തിക്കും. അവിടെ നിന്ന് വൈകീട്ട് 7 മണിയോടെ വിലാപയാത്രയായി പള്ളിയിലേക്ക് തിരിക്കും. സംസ്‌കാര ചടങ്ങില്‍ വൈദികര്‍ക്കും കുടംബാംഗങ്ങള്‍ക്കും മാത്രം പ്രവേശനം.