LogoLoginKerala

കോഴിക്കോട് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം: മൃതദേഹ അവശിഷ്ടങ്ങൾ രാസ പരിശോധനയ്ക്കായി അയക്കും

 
Kozhikode
കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങൾ രാസ പരിശോധനയ്ക്കായി അയക്കും.
കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ കൊലപാതക സൂചനകൾ കണ്ടെത്താത്തതിനെ തുടർന്നാണ് നടപടി. സംഭവം കൊലപാതകം തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോഴുമുള്ളത്.
ഇന്ന് ഉച്ചയോടെയാണ് രാജീവന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയത്. പൂർണ്ണമായും ശരീരം കത്തിക്കരിഞ്ഞ നിലയിലായതിനാൽ കൊലപാതകം സംബന്ധിച്ച സൂചനകൾ പോസ്റ്റ്മോർട്ടത്തിൽ ലഭ്യമായില്ല. ഇതോടെയാണ് മൃതദേഹം രാസ പരിശോധനയ്ക്കായി അയക്കാൻ പൊലീസ് തീരുമാനിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ഫോറൻസിക് സർജൻ രാഗിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ചത്.
മൃതദേഹം പല ഭാഗങ്ങളാക്കി പലയിടങ്ങളിലായി കൊണ്ടിട്ടു എന്നാണ് പൊലീസിന്റെ നിഗമനം.
ഇന്നലെ രാവിലെയാണ് കൊയിലാണ്ടി ഊരള്ളൂരിൽ പെയിൻറിങ് തൊഴിലാളിയായ രാജീവന്റെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഇവ ഉണ്ടായിരുന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒരാഴ്ച മുൻപ് കാണാതായ രാജീവന്റേതാണ് മൃതദേഹമെന്ന് പൊലീസ് കണ്ടെത്തിയത്.ഭാര്യ എത്തിയാണ് രാജീവന്റെ മൃതദേഹം തിരിച്ചറിഞ്ഞിരുന്നത്. ഫോറൻസിക് പരിശോധന ഫലം ലഭിക്കാൻ ദിവസങ്ങളുടെ കാത്തിരിപ്പ് ഇനിയും വേണം. കൊലപാതകത്തിലേക്ക് വിരൽചൂണ്ടുന്ന തെളിവുകൾ അതിൽ നിന്നും ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് പൊലീസുള്ളത്.