LogoLoginKerala

കൊച്ചി മെട്രോ കാക്കനാട്ടേക്ക്, സിസ്ത്ര ജനറല്‍ കണ്‍സള്‍ട്ടന്‍ന്റ്

 
kmrl

കൊച്ചി-കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ ജനറല്‍ കണ്‍സള്‍ട്ടന്റ് ആയി സിസ്ത്രയുടെയും സിസ്ത്ര എംവിഎ കണ്‍സള്‍ട്ടിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെയും കണ്‍സോര്‍ഷ്യം തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ജനറല്‍ കണ്‍സള്‍ട്ടന്‍ന്റ് നിയമനം നിര്‍ണ്ണായകമാണ്. പൊതുഗതാഗത മേഖലയിലെ അതിസ്ഥാന സൗകര്യ വികസന രംഗത്തെ പ്രഗത്ഭരാണ് സിസ്ത്രയും സിസ്ത്ര എംവിഎ കണ്‍സള്‍ട്ടിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും. റെയില്‍, ഹൈ സ്പീഡ് റെയില്‍, മെട്രോ, ലൈറ്റ് മെട്രോ എന്നീ മേഖലകളില്‍ ഇവര്‍ പ്രവര്‍ത്തിച്ചുവരുന്നു. 

ജനറല്‍ കണ്‍സള്‍ട്ടന്‍ന്റ് ആയ സിസ്ത്രയുടെയും സിസ്ത്ര എംവിഎ കണ്‍സള്‍ട്ടിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെയും കണ്‍സോര്‍ഷ്യം ആകും കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടച്ചുമതല വഹിക്കുക. ഡിസൈന്‍ കണ്‍സള്‍ട്ടന്‍ന്റും കോണ്‍ട്രാക്ടര്‍മാരും സമര്‍പ്പിക്കുന്ന പ്രൊപ്പോസലുകള്‍ വിലയിരുത്തുന്നതും ജനറല്‍ കണ്‍സള്‍ട്ടന്‍ന്റ് ആണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി പുരോഗമിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതും ജനറല്‍ കണ്‍സള്‍ട്ടന്റിന്റെ ചുമതലയാണ്. ഗുണമേന്‍മയും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് നിര്‍മ്മാണങ്ങള്‍ നടക്കുന്നതെന്ന് ഉറപ്പാക്കേണ്ടതും ഇവരാണ്. 

ജെഎല്‍എന്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷന്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെ 11.2 കിലോമീറ്ററാണ് കൊച്ചി മെട്രോ രണ്ടാം ഘട്ടമായി നിശ്ചയിച്ചിരിക്കുന്നത്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ സിവില്‍ വര്‍ക്കുകള്‍ ഓണത്തിന് മുന്‍പായി തുടങ്ങാനാണ് പദ്ധതിയിടുന്നതെന്ന് കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.