LogoLoginKerala

ഇനി കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും കാക്കി യൂണിഫോം

 
ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടിസി ഡ്രൈവർക്കും കണ്ടക്ടർക്കും വീണ്ടും കാക്കി യൂണിഫോം . ഡിസംബറിൽ പുതിയ യൂണിഫോം വിതരണം തുടങ്ങും. നിലവിലെ ആകാശ നീല ഷർട്ടും നീല പാന്റുമാണ് മാറ്റുന്നത്. ജോലിക്ക് ഇണങ്ങുന്നത് കാക്കി പാന്റ്സും ഷർട്ടുമാണെന്ന് ജീവനക്കാരുടെ യൂണിയനുകൾ പറഞ്ഞിരുന്നു. ഇരുപതിനായിരത്തിലേറെ ജീവനക്കാർക്ക്‌ യൂണിഫോം നൽകും.

വർഷങ്ങൾക്കു ശേഷമാണ്‌ പഴയ കാക്കി യൂണിഫോമിലേക്ക്‌ തിരിച്ചുവരുന്നത്‌. രണ്ടുജോടി യൂണിഫോം ജീവനക്കാർക്ക്‌ സൗജന്യമായി നൽകും. മെക്കാനിക്കൽ വിഭാഗം ജീവനക്കാർക്ക്‌ നിലവിലെ നീല യൂണിഫോം തുടരും. പത്തുവർഷത്തിനിടെ ഇതാദ്യമായാണ്‌ സൗജന്യമായി കെഎസ്‌ആർടിസി യൂണിഫോം നൽകുന്നത്‌. ഇതിനായി മൂന്നുകോടി രൂപയാണ്‌ ചെലവ്‌. നാഷണൽ ടെക്‌സ്‌റ്റൈൽ കോർപറേഷനിൽനിന്നാണ്‌ യൂണിഫോമിനുള്ള തുണി എടുക്കുന്നത്‌. ഇതിനുള്ള ടെൻഡർ നടപടിയായി. പോലീസ്‌ യൂണിഫോമിനുള്ള ഗുണനിലവാരത്തിലുള്ളതാണ്‌ തുണി.

കെഎസ്‌ആർടിസി സ്വിഫ്‌റ്റിലെ കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും ഇളം ഓറഞ്ച്‌ ഷർട്ടും കറുത്ത നിറത്തിലുള്ള പാന്റ്‌സും തുടരും. 2016ലാണ് കാക്കി മാറ്റി നീല യൂണിഫോം വന്നത്. നീല യൂണിഫോം പെട്ടെന്ന് അഴുക്കാകുന്നുവെന്നാണ് ചർച്ചയിൽ സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടിയത്. അതേസമയം പോലീസിന്റേതിന് സമാനമായ കാക്കി മറ്റ് വകുപ്പുകളിലെ ജീവനക്കാർ ധരിക്കുന്നത് നിറുത്തലാക്കണമെന്ന പോലീസ് മേധാവിയുടെ ശുപാർശ സർക്കാരിന്റെ പരിഗണനയിലിരിക്കേയാണ് കെ.എസ്.ആർ.ടി.സി വീണ്ടും കാക്കിയിലേക്ക് പോകുന്നത്. എന്നാല്‍ കെ.എസ്.ആർ.ടി.സി എടുത്ത തീരുമാനത്തെ എതിർത്ത് പോലീസ് രംഗത്ത് വന്നിട്ടില്ലെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് അറിയിച്ചു.