LogoLoginKerala

നഷ്ടപ്പെട്ടത് കേരളത്തിന്റെ ജനകീയമുഖം; കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവ

 
Umman chandy vs alanchery

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായത് ഏറ്റവും സ്വീകാര്യതയുള്ള ജനകീയമുഖമാണ്. രോഗബാധിതനായിരിക്കുമ്പോള്‍ പോലും അദ്ദേഹത്തെ അലട്ടിയിരുന്നത് ശാരീരികമായി തന്റെ ക്ലേശങ്ങളെക്കാളും സാധാരണക്കാരന്റെ കണ്ണുനീരും ക്ലേശവുമായിരുന്നു. അഞ്ച് പതിറ്റാണ്ടിനപ്പുറം നീണ്ടുനിന്ന നിയസഭാസാമാജികന്‍ എന്ന അദ്ദേഹത്തിന്റെ പൊതുജീവിതം ഏറ്റവും മാതൃകാപരമായിരുന്നു. ജീവിതത്തിന്റെ എല്ലാ നിമിഷവും ഒരു പൊതുപ്രവര്‍ത്തകനെ സംബന്ധിച്ച് അത് ജനങ്ങളുടേതാണെന്നുള്ള തിരിച്ചറിവ് കേരളത്തിലെ പൊതു പ്രവര്‍ത്തകര്‍ക്ക് നല്‍കിയത് ഉമ്മന്‍ചാണ്ടിയായിരുന്നു.

സാധാരണക്കാരന്റെ ആവശ്യങ്ങളുടെ മുന്നില്‍ അദ്ദേഹത്തിന്റെ വീടോ ഓഫീസോ ആ ഹൃദയമോ കൊട്ടിയടയ്ക്കപ്പെട്ടിരുന്നില്ല. ഏത് സമയത്തും ആളുകള്‍ക്ക് സംലഭ്യനായിരുന്ന പൊതുപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ കേരളത്തിലുടനീളം അദ്ദേഹം സംഘടിപ്പിച്ച ജനസമ്പര്‍ക്ക പരിപാടി ലക്ഷക്കണക്കിന് സാധാരണക്കാരുടെ പ്രശ്നങ്ങളാണ് പരിഹരിച്ചത്. ജാതി മത രാഷ്ട്രീയങ്ങള്‍ക്കപ്പുറം കേരളത്തെ ഒരിഴയില്‍ ചേര്‍ത്തുപിടിച്ച മതനിരപേക്ഷതയുടെ ഉത്തമ ഉദാഹരണമായിരുന്നു ഉമ്മന്‍ചാണ്ടി. കേരളത്തിന്റെ വികസനത്തിന് അദ്ദേഹം നല്‍കിയ കുതിപ്പ് എന്നും ഈ സംസ്ഥാനം ഓര്‍ക്കും.

വ്യക്തിപരമായി എന്നോടും മലങ്കര സുറിയാനി കത്തോലിക്കാ സഭയോടും അദ്ദേഹം പുലര്‍ത്തിയ സ്നേഹപൂര്‍വ്വമായ സമീപനത്തോട് സഭയെന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു പ്രത്യേകിച്ചും സഭയുടെ വിദ്യാഭ്യാസ ആതുര ശുശ്രൂഷമേഖലകളില്‍ അദ്ദേഹം നല്‍കിയിട്ടുള്ള പിന്‍തുണയും പ്രോത്സാഹനവും എന്നും ഓര്‍മ്മിക്കപ്പെടും. രോഗബാധിതനായി ബാംഗ്ലൂരില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചിരുന്നു. ഇപ്പോള്‍ അമേരിക്കയില്‍ മലങ്കര കാത്തലിക് കണ്‍വന്‍ഷനില്‍ സംബന്ധിക്കുന്നതിനായി എത്തിച്ചേര്‍ന്നിരിക്കുന്നതിനാല്‍ ശവസംസ്‌കാര ശുശ്രൂഷകളില്‍ സംബന്ധിക്കുവാന്‍ സാധിക്കാത്ത സാഹചര്യമുണ്ട്. ഒരിക്കല്‍ക്കൂടി ഉമ്മന്‍ചാണ്ടിയുടെ ദേഹവിയോഗത്തില്‍ കേരളജനതയോടും അദ്ദേഹത്തിന്റെ കുടുംബത്തോടുമൊപ്പം ദുഃഖിക്കുകയും പ്രാര്‍ത്ഥിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അനുശോചന സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം...................

ശ്രീ ഉമ്മന്‍ ചാണ്ടി സാറിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം അറിയിക്കുന്നു. അമ്പത്തിമൂന്നു വര്‍ഷം എം.എല്‍.എ എന്ന നിലയിലും രണ്ടു പ്രാവശ്യം മുഖ്യമന്ത്രി എന്ന നിലയിലും ഉമ്മന്‍ ചാണ്ടി സാര്‍ ചെയ്ത സേവനം കേരള ജനതയുടെ ഹൃദയങ്ങളില്‍ ആഴമായ മുദ്ര പതിപ്പിച്ചിട്ടുള്ളതാണ്. കേരള ജനതയെ അദ്ദേഹം സ്‌നേഹിച്ചു, കേരളത്തിലെ ജനം അദ്ദേഹത്തെയും. പുതുപ്പള്ളിയുടെ സ്വന്തമായിരുന്നു അദ്ദേഹം. ജനപ്രിയനായ രാഷ്ട്രീയ സാമൂഹിക സേവകന്‍.

രാഷ്ട്രീയപ്രവത്തകരുടെയിടയില്‍ അദ്ദേഹം ഒരു ആചാര്യനായിരുന്നു. ഭരണപക്ഷ പ്രതിപക്ഷ വേര്‍തിരിവില്ലാതെ എല്ലാവരെയും ബഹുമാനത്തോടെ കണ്ടു പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു. രാഷ്ട്രീയപ്രതിയോഗികളോടുപോലും പ്രതികാരചിന്ത ഒരിക്കലും അദ്ദേഹം പുലര്‍ത്തിയിരുന്നില്ല.

ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും തന്റെ ആഴമായ ദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പരിഹാരങ്ങള്‍ കാണാന്‍ അദ്ദേഹം പരിശ്രമിച്ചു. അപരിഹാര്യമായ പ്രശ്‌നങ്ങളില്‍ ദൈവഹിതത്തിനു അവയെ വിട്ടുകൊടുത്തുകൊണ്ടു സമചിത്തതയോടെ ജീവിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പുതുപ്പള്ളിയും കേരളവും അദ്ദേഹത്തിന്റെ സുഹൃത്തുവലയവും ഉമ്മന്‍ ചാണ്ടിയെ തങ്ങളുടെ സ്മരണയില്‍ എന്നും നിലനിര്‍ത്തുമെന്നതില്‍ സംശയമില്ല. ഉമ്മന്‍ ചാണ്ടിസാറിന്റെ പാവനസമരണയ്ക്കുമുമ്പില്‍ ആദരാഞ്ജലികള്‍!