LogoLoginKerala

കേരളത്തിലെ ഏറ്റവും വലിയ ആകാശപാത തൃശൂരിൽ ഇന്ന് തുറക്കും

 
skywalk

തൃശൂർ: കേരളത്തിലെ ഏറ്റവും വലിയ ആകാശപാത ഇന്ന് തൃശൂരിൽ തുറക്കും നഗരത്തിൽ എത്തുന്നവർക്ക് വിസ്മയ യാത്ര സമ്മാനിക്കുന്നതാണ് ആകാശപാത. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ശക്തൻ നഗറിലെ ആകാശ നടപ്പാത സ്വാതന്ത്ര്യ ദിനത്തിൽ തുറന്നു നൽകുന്നത്. പദ്ധതി യാഥാർത്ഥ്യമായതോടെ നഗരത്തിലെ തിരക്കിനു വലിയൊരളവു വരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

എട്ടു കോടി രൂപ ചിലവിലാണ് വൃത്താകൃതിയിൽ ആകാശപ്പാത നിർമിച്ചത്. ഇന്ന് വൈകിട്ട് ഏഴിന് മന്ത്രി കെ രാധാകൃഷ്ണൻ ആകാശപാത തുറന്നു നൽകും. പദ്ധതിയുടെ രണ്ടാം ഘട്ടം എന്ന നിലയിൽ രണ്ട് ലിഫ്റ്റ്, സോളാര്‍ സംവിധാനം, ഫുള്‍ ഗ്ലാസ്സ് ക്ലാഡിംഗ് കവര്‍, എ.സി. എന്നിവയും നിർമ്മിക്കും.

തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങൾ. ശക്തൻ നഗറിലൂടെ അങ്ങോട്ടുമിങ്ങോട്ടും റോഡ് മുറിച്ച് കടക്കണം എങ്കിൽ മനക്കരുത്ത് തന്നെ കൂട്ടാകണം. ഇതിനിടയിൽ അപകടങ്ങളും പതിവായി. ഇതോടെയാണ് ആകാശപാത എന്ന ആശയത്തിലേക്ക് തൃശൂർ കോർപ്പറേഷനിൽ  എത്തിയത്. കാത്തിരിപ്പുകൾക്കൊടുവിൽ ആ സ്വപ്നം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് നഗരം.

നഗരത്തിൽ ഏറ്റവും കൂടുതൽ‌ തിരക്ക് അനുഭവപ്പെടുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നായ ശക്തൻ നഗറിൽ സംഗമിക്കുന്ന 4 റോഡുകളെ ബന്ധിപ്പിക്കുന്നതാണ് ആകാശപ്പാത. ശക്തൻ ബസ് സ്റ്റാൻഡ് പരിസരം, മത്സ്യ–മാസം മാർക്കറ്റ്, പച്ചക്കറി മാർക്കറ്റ്, ശക്തൻ നഗർ മൈതാനം എന്നീ 4 ഭാഗങ്ങളിൽ നിന്ന് ആകാശപ്പാതയിലേക്കു ചവിട്ടുപടികളിലൂടെ പ്രവേശിക്കാം.

രണ്ടു ലിഫ്റ്റുകളും യാത്രക്കാർക്ക് ഇവിടെ ഒരുക്കിയിട്ടുണ്ട്. പാത തുറക്കുന്നതോടെ തിരക്കേറിയ ശക്തനിലെ തെരുവുകളിലൂടെയുള്ള കാൽനടയാത്ര അവസാനിക്കുമെന്നാണു പ്രതീക്ഷ.