കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു

നാളെ രാവിലെ 11 മണിക്ക് നടക്കാനിരുന്ന 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തിന്റെ ഭാഗമായുള്ള ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചു. പുരസ്‌കാരങ്ങള്‍ 21-07-23 ന് വൈകിട്ട് 3 മണിക്ക് സെക്രട്ടേറിയറ്റിലെ പി.ആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ പതാക പകുതി താഴ്ത്തി കെട്ടും. ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരമാണ് ഇന്നത്തെ അവധി.
ഇന്ന് സംസ്ഥാനത്തെ റേഷന്‍കടകള്‍ക്കും ബാങ്കുകള്‍ക്കും കെഎസ്ഇബിയുടെ ഓഫീസുകള്‍ക്കും അവധിയായിരിക്കും. സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു. കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കണ്ണൂര്‍ സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.