LogoLoginKerala

പ്ലസ്ടു കോഴ; കെ. എം. ഷാജിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി

 
km shaji

ന്യൂഡല്‍ഹി- പ്ലസ്ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരേ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഷാജിക്കെതിരേ അന്വേഷണം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.

2014ല്‍ കണ്ണൂര്‍ അഴീക്കോട് ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്ന് കെ.എം. ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2020 ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനു പിന്നാലെയാണ് ഇ ഡിയും കേസെടുത്തത്. തുടര്‍ന്ന് ഷാജിയുടെയും ഭാര്യയുടെയും സ്വത്ത് വകകള്‍ ഇ ഡി കണ്ടുകെട്ടി. ഇതിനെതിരെ നവംബറിലാണ് ഷാജിയും ഭാര്യയും ഹൈക്കോടതിയെ സമീപിച്ചത്. ജൂണ്‍ 19ന് കേസിലെ നടപടികള്‍ സ്റ്റേ ചെയ്ത ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഇ.ഡി കേസും റദ്ദാക്കിയിരുന്നു.

എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാജിക്കെതിരെ എഫ്.ഐ.ആര്‍. ഇട്ട് അന്വേഷണം നടത്തിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോഴ നല്‍കിയിട്ടുണ്ടെന്ന് സ്‌കൂള്‍ മാനേജര്‍, മജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കിയ രഹസ്യ മൊഴിയില്‍ സമ്മതിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദാണ് സര്‍ക്കാരിന്റെ ഹര്‍ജി ഫയല്‍ ചെയ്തത്.