LogoLoginKerala

ഇടുക്കി ജനവാസ കേന്ദ്രത്തില്‍ വീണ്ടും ഇറങ്ങി കാട്ടുകൊമ്പന്‍ പടയപ്പ ; 3 വീടുകൾക്ക് നാശം വരുത്തി

 
Padayappa

ഇടുക്കി: മറയൂര്‍ മേഖലയില്‍ വീണ്ടും ജനവാസ കേന്ദ്രത്തില്‍ ഇറങ്ങി കാട്ടുകൊമ്പന്‍ പടയപ്പ. മറയൂര്‍ പാമ്പന്‍മല ഭാഗത്ത് ഇറങ്ങിയ കാട്ടുകൊമ്പന്‍ മൂന്ന് വീടുകളുടെ മേല്‍ക്കൂരക്ക് നാശം വരുത്തി.

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു പടയപ്പയെത്തിയത്.തൊഴിലാളികള്‍ പിന്നീട് കാട്ടാനയെ തുരത്തിയോടിച്ചു.

കാട്ടുകൊമ്പന്‍ പടയപ്പയെ വനമേഖലയിലേക്ക് തുരത്തണമെന്ന ആവശ്യം ശക്തമായി നിലനില്‍ക്കെയാണ് പടയപ്പ വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങിയത്.ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ മറയൂര്‍ പാമ്പന്‍മല ഭാഗത്ത് ഇറങ്ങിയ കാട്ടുകൊമ്പന്‍ മൂന്ന് വീടുകളുടെ മേല്‍ക്കൂരക്ക് നാശം വരുത്തി.
പാര്‍ത്ഥന്‍, പരമശിവന്‍, വിനായകന്‍ എന്നിവരുടെ വീടുകള്‍ക്കാണ് ആനയുടെ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചത്. വിനായകന്‍ പശുക്കള്‍ക്ക് നല്‍കാന്‍ വിലകൊടുത്ത് വാങ്ങി സൂക്ഷിച്ചിരുന്ന തീറ്റയും പടയപ്പ അകത്താക്കി. പ്രദേശത്ത് തമ്പടിച്ച പടയപ്പയെ പിന്നീട് തൊഴിലാളികള്‍ ബഹളമുണ്ടാക്കി തുരത്തി.
കഴിഞ്ഞ ഒന്നര മാസത്തിലധികമായി പടയപ്പ മറയൂര്‍ മേഖലയിലാണ് തമ്പടിച്ചിട്ടുള്ളത്.ദിവസങ്ങള്‍ക്ക് മുമ്പ് മൂന്നാര്‍ മറയൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ വാഗുവരൈ ഫാക്ടറി ഡിവിഷന്‍ ഭാഗത്ത് പടയപ്പ നിലയുറപ്പിച്ചിരുന്നു. ഫാക്ടറി ഡിവിഷനിലെ ലയങ്ങള്‍ക്ക് മുന്നിലൂടെ ഭീതി പടര്‍ത്തി നടന്ന പടയപ്പ തൊഴിലാളികളുടെ കൃഷിയിടത്തില്‍ നിന്നും വാഴകള്‍ പിഴുതെടുത്തു ഭക്ഷിക്കുകയും ചെയ്തു.
ഇതിന് മുമ്പ് തലയാര്‍ ഡിവിഷനില്‍ എത്തിയ കാട്ടുകൊമ്പന്‍ റേഷന്‍ കടയുടെയും ചെല്ലമ്മ രാജു എന്നയാളുടെ ലയത്തിന്റെയും കതകുകള്‍ തകര്‍ത്തിരുന്നു. തലയാര്‍, പാമ്പന്‍ മല മേഖലയിലാണ് പടയപ്പ നിലയുറപ്പിച്ചിരിക്കുന്നത്. തീറ്റകിട്ടാതെ വരുമ്പോള്‍ മാത്രം അക്രമകാരിയാകുന്ന പടയപ്പ സുരക്ഷിതമല്ലാത്ത ലയങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമോയെന്ന ആശങ്ക കുടുംബങ്ങള്‍ക്കുണ്ട്.