LogoLoginKerala

കര്‍ണാടക നിലനിര്‍ത്താന്‍ സംഘപരിവാര്‍, പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ്, പോരാട്ടം കനക്കും

 
karnataka election

ന്യൂഡല്‍ഹി- ജാതിസമുദായ സമവാക്യങ്ങള്‍ നിര്‍ണായകമായ കര്‍ണാടകത്തില്‍ നടക്കാന്‍ പോകുന്നത് കനത്ത പോരാട്ടം. ദക്ഷിണേന്ത്യയില്‍ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനമാണ് കര്‍ണാടക. നിലവില്‍ ബിജെപിക്ക് 118 സീറ്റ്, കോണ്‍ഗ്രസിന് 72, ജെഡിഎസിന് 32 എന്നിങ്ങനെയാണ് കക്ഷിനില. രണ്ടു സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. 
224ല്‍ 150 സീറ്റുകള്‍ നേടുമെന്നാണ് ബിജെപി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. കോണ്‍ഗ്രസ് 124 പേരുടെ സ്ഥാനാര്‍ഥി പട്ടിക പുറത്തിവിട്ടപ്പോള്‍ ജെഡിഎസ് 93 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം തന്നെ ആദ്യ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. സുരക്ഷിത മണ്ഡലം തിരഞ്ഞെടുത്ത മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ, ഇത്തവണ മൈസൂരുവിലെ വരുണയില്‍നിന്ന് ജനവിധി തേടും. കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ കനക്പുരയില്‍ മത്സരിക്കും. മുതിര്‍ന്ന് നേതാവ് ജി.പരമേശ്വര കൊരട്ടിഗെരെയില്‍ തുടരും.
കഴിഞ്ഞ ആഴ്ച സംവരണ വിഭാഗത്തില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റം സംസ്ഥാനത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ഒബിസി വിഭാഗത്തിനു കീഴിലുള്ള മുസ്!ലിംകള്‍ക്കുള്ള 4 ശതമാനം സംവരണം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. പകരം വീരശൈവ ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തി. ഒബിസി മുസ്‌ലിംകളെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള 10 ശതമാനം സംവരണ വിഭാഗത്തിലേക്കു മാറ്റാനും തീരുമാനിച്ചിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധത്തിലാണ്. എസ്ടി പട്ടികയില്‍ പ്രത്യേക സംവരണം എന്ന ആവശ്യം അംഗീകരിക്കാത്തതില്‍ മുഖ്യമന്ത്രി യെഡിയൂരപ്പയുടെ വീടിനു നേരെ ബഞ്ചാര സമുദായത്തിന്റെ ആക്രമണമുണ്ടായി.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ബി ജെ പിക്ക് തിരിച്ചടി നല്‍കുന്നതിന് ഏതറ്റം വരെയും പോകാന്‍ കോണ്‍ഗ്രസ് തയ്യാറെടുത്തു കഴിഞ്ഞു. ബിജെപിയുടെ മന്ത്രിയും ജെഡിഎസിന്റെ എംഎല്‍എയും കോണ്‍ഗ്രസില്‍ ചേരുമെന്നാണ് പുതിയ വിവരം. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ നടത്തിയ തന്ത്രപരമായ നീക്കമാണ് മുതിര്‍ന്ന നേതാക്കളെ കോണ്‍ഗ്രസിലെത്തിക്കുന്നത്. ബിജെപി സര്‍ക്കാരില്‍ മന്ത്രിയായ കെസി നാരായണ ഗൗഡയാണ് കോണ്‍ഗ്രസില്‍ ചേരുക. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു എന്നാണ് വിവരം. കൃഷി മന്ത്രി ബിസി പാട്ടീല്‍ ആണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. 
ജെഡിഎസ് എംഎല്‍എ കെഎം ശിവലിംഗ ഗൗഡ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരം. എന്നാല്‍ ബിജെപി മന്ത്രി കോണ്‍ഗ്രസില്‍ ചേരുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അതൃപ്തിയിലാണ്. ഇദ്ദേഹത്തിന്റെ കളംമാറ്റം കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നാണ് നേതാക്കളുടെ വികാരം.  നേരത്തെ ജെഡിഎസ് നേതാവായിരുന്നു നാരായണ്‍ ഗൗഡ. 2019ല്‍ കളംമാറി ബിജെപിക്കൊപ്പം പോകുകയായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് മാണ്ഡ്യ മണ്ഡലത്തില്‍ സീറ്റ് ലഭിക്കില്ലെന്ന് വന്നതോടെയാണ് കോണ്‍ഗ്രസില്‍ ചേരാന്‍ ശ്രമിക്കുന്നത് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.