മോഡി പ്രഭാവത്തിന് കര്‍ണാടകയില്‍ അന്ത്യം, താരത്തിളക്കത്തില്‍ രാഹുലും പ്രിയങ്കയും

വലിയ രാഷ്ട്രീയ തിരിച്ചടികള്‍ക്കിടയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ തിളങ്ങിയപ്പോള്‍ പ്രഭാവം മങ്ങി പ്രധാനമന്ത്രി നരേന്ദ്രമോഡി. വിവാദ പ്രസംഗത്തിന്റെ പേരില്‍ രാഹുലിനെ അയോഗ്യനാക്കി കോടതികളില്‍ നിന്ന് കോടതികളിലേക്ക് ഓടിക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞെങ്കിലും കര്‍ണാടകത്തില്‍ അത് സൃഷ്ടിച്ചത് രാഹുലിന് അനുകൂലമായ വികാരം. പ്രിയങ്ക ഗാന്ധി നിറഞ്ഞു നിന്ന കര്‍ണാടകത്തിലെ പ്രചാരണം വലിയ വിജയം സമ്മാനിക്കുന്നത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് കൂടിയാണ്. ലോകസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന കോണ്‍ഗ്രസിനും മതേതര പാര്‍ട്ടികള്‍ക്കും ഈ വിജയം നല്‍കുന്ന ഊര്‍ജം ഒട്ടും ചെറുതല്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് തൂത്തെറിയപ്പെടുന്നത് ബി ജെ പിയുടെ ആത്മവിശ്വാസത്തെ ഏറെ പ്രതികൂലമായി ബാധിക്കും.
ദക്ഷിണേന്ത്യയില്‍ ബി ജെ പിയുടെ ഊര്‍ജപ്രഭാവമാകാന്‍ നരേന്ദ്രമോഡിക്ക് കഴിയില്ലെന്ന് കൂടിയാണ് ഇലക്ഷന്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. നരേന്ദ്ര മോഡി കാടിളക്കി കര്‍ണ്ണാടകയില്‍ പ്രചാരണം നടത്തിയിട്ടും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ല. പ്രചാരണത്തിന്റെ അവസാന നാളുകളില്‍ പ്രധാനമന്ത്രി കര്‍ണ്ണാടകയില്‍ തമ്പടിച്ചാണ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. ഒരാഴ്ച കര്‍ണ്ണാടകയില്‍ തങ്ങി 18 തെരഞ്ഞെടുപ്പ് റാലികളിലും റോഡ് ഷോകളിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കിലോമീറ്റളോളം കാല്‍നട യാത്രയായി നടന്ന് അദ്ദേഹം ജനങ്ങളെ നേരിട്ട് കാണുകയും ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകരും അല്ലാത്തവരുമായ മുവ്വായിരത്തിലേറെ ആളുകളുമായി പ്രധാനമന്ത്രി സംവദിക്കുകയും ചെയ്തു. നഗര മേഖലകളിലാണ് നരേന്ദ്ര മോഡി പ്രധാനമായും പ്രചാരണം നടത്തിയത്. നരേന്ദ്ര മോഡിക്ക് ഒരു വോട്ട് എന്ന രീതിയിലായിരുന്നു അദ്ദേഹം തന്റെ പ്രചാരണം മുന്നോട്ട് നയിച്ചത്. കര്‍ണ്ണാടകയില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ഭരണ വിരുദ്ധ വികാരം ഉണ്ടെന്ന് അറിഞ്ഞുകൊണ്ടാണ് അത് മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി കര്‍ണ്ണാടകയില്‍ ക്യാമ്പ് ചെയ്തത്. തന്റെ പ്രസംഗങ്ങളിലൂടെയും മറ്റും കൃത്യമായ വര്‍ഗീയ സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് കടത്തി വിടാനും അദ്ദേഹം ശ്രമിച്ചിരുന്നു. അമിത്ഷാ അടക്കമുള്ള ബി.ജെ.പി ദേശീയ നേതൃത്വം നേരിട്ടാണ് കര്‍ണ്ണാടയിലെ തെരഞ്ഞെട്പ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്.
ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിനെ വളരെ വലിയ പ്രാധാന്യത്തോടെയാണ് ബി.ജെ.പിയും പ്രധാനമന്ത്രിയും കണ്ടിരുന്നത്. കര്‍ണ്ണാടകയില്‍ പരാജയം സംഭവിച്ചാല്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ബി.ജെ.പി നേതൃത്വം കണക്കുകൂട്ടിയിരുന്നു. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കര്‍ണ്ണാടകയിലെ വോട്ടര്‍മാരുടെ മനസ്സിലേക്ക് കയറിപ്പറ്റാന്‍ ബി.ജ.പിക്ക് കഴിഞ്ഞില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.