LogoLoginKerala

ലുലു മാളില്‍ കാര്‍ഗില്‍ വിജയോത്സവ്

സൈനിക ആയുധങ്ങളുടെയും വാഹനങ്ങളുടെയും വിപുലമായ പ്രദര്‍ശനം
 
lulu mall kargil vijay diwas
24 കിലോ ഭാരം വരുന്ന മെഷീന്‍ഗണ്‍ മുതല്‍ ഭീമന്‍ സൈനിക ട്രക്കായ ബെമല്‍ ടെട്ര വരെ പ്രദര്‍ശനത്തില്‍ ; പ്രദര്‍ശനം 26 വരെ

തിരുവനന്തപുരം : കാര്‍ഗില്‍ യുദ്ധ വിജയത്തിന്‍റെ 24ആം വാര്‍ഷികത്തില്‍ വിജയോത്സവ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ലുലു മാളും പാങ്ങോട് സൈനിക കേന്ദ്രവും. മാളിലെ ഗ്രാന്‍ഡ് ഏട്രിയത്തിലുള്‍പ്പെടെ സൈനിക ആയുധങ്ങളുടെയും വാഹനങ്ങളുടെയും വിപുലമായ പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്. മൂന്ന് ദിവസം നീളുന്നതാണ് മാളിലെ കാർഗിൽ വിജയോത്സവ് ആഘോഷങ്ങള്‍.

lulu mall kargil diwas

24.4 കിലോ ഭാരം വരുന്ന ഇന്ത്യന്‍ നിര്‍മ്മിത മീഡിയം മെഷീന്‍ ഗണ്‍, 18 കിലോമീറ്റര്‍ വരെ ദൂരത്തില്‍ നിരീക്ഷണം സാധ്യമാക്കുന്ന സര്‍വെയ്ലന്‍സ് റഡാര്‍, 2 കിലോ മീറ്റര്‍ വരെ ദൂരദൈര്‍ഘ്യമുള്ള റഷ്യന്‍ നിര്‍മ്മിത ഡ്രഗുണോവ് സ്നൈപ്പര്‍ റൈഫിള്‍, സൗത്ത് ആഫ്രിക്കന്‍ നിര്‍മ്മിത മള്‍ട്ടിഷോട്ട് ഗ്രനേഡ് ലോഞ്ചര്‍, അമേരിക്കന്‍ നിര്‍മ്മിത 7.62 എംഎം അസോള്‍ട്ട് റൈഫിള്‍, ശരീര ഊഷ്മാവിലൂടെ മനുഷ്യസാന്നിധ്യം മനസ്സിലാക്കാന്‍ സാധിയ്ക്കുന്ന ഇസ്രായേല്‍ നിര്‍മ്മിത ഹാന്‍ഡ് ഹെല്‍ഡ് തെര്‍മല്‍ ഇമേജര്‍ എന്നിങ്ങനെ അത്യാധുനിക സൈനിക ആയുധങ്ങള്‍, തോക്കുകള്‍, മറ്റ് സാമഗ്രികള്‍ എന്നിവയുടെ സമഗ്രമായ പ്രദര്‍ശനമാണ് സംഘടിപ്പിച്ചിരിയ്ക്കുന്നത്. ഇതിന് പുറമെ ഫിന്‍ലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, സ്വീഡന്‍ രാജ്യങ്ങളില്‍ നിന്ന് സേനയിലേയ്ക്കെത്തിയ ആയുധങ്ങളും ഉപകരണങ്ങളും ഇതിലുള്‍പ്പെടുന്നു. യുദ്ധസാമഗ്രികളുമായി യുദ്ധഭൂമിയില്‍ നിലയുറപ്പിയ്ക്കുന്ന ജിപ്സി കാറുകള്‍ മുതല്‍ ഒരാള്‍പൊക്കത്തില്‍ വെള്ളം നിറഞ്ഞ മേഖലയില്‍ സൈനികരേയും യുദ്ധ സാമഗ്രികളെയും വഹിച്ച് സുഗമമായി സഞ്ചരിയ്ക്കുന്ന ബെമല്‍ ടെട്ര സൈനിക ട്രക്കുകള്‍ വരെയാണ് സൈനിക വാഹനപ്രദര്‍ശനത്തിലുള്ളത്.

lulu mall kargil diwa

കാര്‍ഗില്‍ യുദ്ധ വിജയചരിത്രത്തെയും വീരമൃത്യുവരിച്ച സൈനികരെയും ആദരിയ്ക്കുന്നത് കൂടിയാണ് പ്രദര്‍ശനം. 1999 മെയ് മുതല്‍ ജൂലൈ മാസം വരെ നീണ്ട കാര്‍ഗില്‍ യുദ്ധത്തിലെ സുപ്രധാന ഏടുകള്‍, വീരമൃത്യുവരിച്ച സൈനികര്‍, രാജ്യത്തിന്‍റെ പരമോന്നത ബഹുമതി ലഭിച്ച സൈനികര്‍ എന്നിങ്ങനെയുള്ള വിവരങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഒരു മാളില്‍ ഇതാദ്യമായാണ് ഇങ്ങനെയൊരു പ്രദര്‍ശനം സൈന്യവുമായി ചേര്‍ന്ന് സംഘടിപ്പിയ്ക്കുന്നത്. മൂന്ന് ദിവസം നീളുന്ന വിജയോത്സവ് ആഘോഷങ്ങളും പ്രദര്‍ശനവും ബുധനാഴ്ച സമാപിയ്ക്കും.

lulu kargil diwas