LogoLoginKerala

ബ്രഹ്മപുരം: സംസ്ഥാനം എന്തുകൊണ്ടാണ് കേന്ദ്രസഹായം ആവശ്യപ്പെടാത്തതെന്ന് കെ.സുരേന്ദ്രന്‍

 
surendran
ഈ കാര്യം അമിത്ഷായോട് സംസാരിച്ചപ്പോള്‍ സംസ്ഥാനം വിളിച്ചാല്‍ ഒരു മണിക്കൂര്‍ കൊണ്ട് സേന സജ്ജമാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.

തൃശ്ശൂര്‍- കൊച്ചിയില്‍ 12 ദിവസമായി ഭീകരമായ ദുരന്തമുണ്ടായിട്ടും കേന്ദ്ര സഹായം തേടാന്‍ സംസ്ഥാനം തയ്യാറാകാത്തതെന്താണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എന്തു പ്രശ്‌നമുണ്ടായാലും കേന്ദ്ര ദുരന്തനിവാരണ സേന എല്ലാ കാലത്തും കേരളത്തില്‍ ഓടിയെത്താറുണ്ട്. എന്നാല്‍ ഇത്തവണ ഇതു വരെ അവരെ സംസ്ഥാന സര്‍ക്കാര്‍ വിളിച്ചില്ലെന്ന് തൃശ്ശൂരില്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. ഈ കാര്യം അമിത്ഷായോട് സംസാരിച്ചപ്പോള്‍ സംസ്ഥാനം വിളിച്ചാല്‍ ഒരു മണിക്കൂര്‍ കൊണ്ട് സേന സജ്ജമാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രശ്‌നം ദേശീയ ശ്രദ്ധയിലേക്ക് വരാതിരിക്കാനാണോ സംസ്ഥാനം എന്‍ഡിആര്‍എഫിനെ വിളിക്കാത്തത്? അതോ അഴിമതികള്‍ പുറത്തുവരാതിരിക്കാനാണോ. കൊച്ചിയില്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടു. ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന ദുരന്തമാണിത്. മഴ പെയ്താല്‍ കൊച്ചി പകര്‍ച്ചവ്യാധി കൊണ്ട് മൂടും. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ കേന്ദ്രസംസ്ഥാന സഹകരണം ആവശ്യമാണ്. പിണറായി ദുരഭിമാനം വെടിയണം. അടിയന്തരമായി എന്‍ഡിആര്‍എഫ് സഹായം തേടണം. ബ്രഹ്മപുരം വിഷയത്തില്‍ മുഖ്യമന്ത്രി ഒളിച്ചു കളിക്കുന്നത് അവസാനിപ്പിക്കണം. ഭീകരമായ കൊള്ളയാണ് നടന്നിരിക്കുന്നത്. ഇതിലെ കള്ളകളികള്‍ പുറത്തുകൊണ്ടുവരാന്‍ ബിജെപി ശ്രമിക്കും. ആയിരക്കണക്കിന് കോടി രൂപ മാലിന്യ നിര്‍മാര്‍ജ്ജനത്തിന് സംസ്ഥാനത്തിന് കിട്ടിയിട്ടും ഒന്നും ഉപയോഗിച്ചില്ല. പിണറായി സര്‍ക്കാര്‍ ഉണ്ടാക്കിയ ദുരന്തമാണിത്. കേരള നമ്പര്‍ വണ്‍ എന്ന വാചാടോപമാണ് ഇവിടെ പൊളിഞ്ഞു വീഴുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അമിത്ഷായുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ബിജെപി ഉന്നയിച്ച പ്രധാന ആവശ്യമായ ശക്തന്‍ തമ്പുരാന്‍സ്മാരകത്തിന് കേന്ദ്രസര്‍ക്കാര്‍ 50 ലക്ഷം അനുവദിച്ചു. പ്രകാശ് ജാവഡേക്കര്‍ എംപിയുടെ എംപി ഫണ്ടില്‍ നിന്നുമാണ് തുക അനുവദിക്കുക. കേരളത്തിലെ ഒരു എംപിയും സര്‍ക്കാരും ഇതുവരെ ശക്തന്‍ തമ്പുരാന് വേണ്ടി ഒന്നും ചെയ്തില്ല. കക്ഷിരാഷ്ട്രീയത്തിന് അപ്പുറമുള്ളവര്‍ അമിത്ഷായെ സ്വീകരിക്കാര്‍ ശക്തന്‍ സ്മാരകത്തില്‍ എത്തിയിരുന്നു. തൃശ്ശൂരിന്റെ ആവശ്യം പരിഗണിച്ച അമിത്ഷായെയും പ്രകാശ് ജാവഡേക്കറിനെയും അഭിനന്ദിക്കുന്നുവെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. 
വികസന പ്രവര്‍ത്തനത്തെ കുറിച്ച് പഠിക്കാന്‍ കേരളത്തില്‍ നിന്നുള്ള വിദഗ്ധ സംഘത്തെ ബിജെപി യുപിയിലേക്കും ഗുജ്‌റാത്തിലേക്കും അയക്കുമെന്നും അദ്ദേഹം പറഞ്ഞു.