LogoLoginKerala

ഹൈക്കമാന്‍ഡ് വിളിച്ചു, സുധാകരനും സതീശനും നാളെ ഡല്‍ഹിക്ക്

 
SUDHAKARAN SATHEESAN

ഡല്‍ഹി- സാമ്പത്തിക തട്ടിപ്പു കേസില്‍ രണ്ടാം പ്രതിയായും പുനര്‍ജനി കേസില്‍ ഒന്നാം പ്രതിയായും ഉള്‍പ്പെടുത്തിയിരിക്കുന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിച്ചു. ഇരുവരും നാളെ ഡല്‍ഹിക്ക് തിരിക്കും. രാഹുല്‍ ഗാന്ധിയെയും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും ഇരുവരും സന്ദര്‍ശിച്ച് കേസ് സംബന്ധിച്ച വസ്തുതകള്‍ ധരിപ്പിക്കും. ഹൈക്കമാന്‍ഡ് പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകള്‍ക്കും ചര്‍ച്ചകള്‍ക്കുമായി സുധാകരനും സതീശനും രണ്ടു ദിവസം ഡല്‍ഹിയില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.

തിങ്കളാഴ്ച ഡല്‍ഹിയിലെത്തുന്ന സുധാകരനും സതീശനും ആദ്യം രാഹുല്‍ ഗാന്ധിയുമായിാണ് കൂടിക്കാഴ്ച നടത്തുക. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ നാളെ ഡല്‍ഹിയില്‍ എത്തുന്നുണ്ട്. അദ്ദേഹത്തെയും ഇരുവരും നേരില്‍ കാണും. മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ സുധാകരനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടതിന് പിന്നാലെ സുധാകരന്‍ രാജി സന്നദ്ധത അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് ഹൈക്കമാന്‍ഡ് സുധാകരനോട് ഡല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ടത്. പുനര്‍ജനി കേസില്‍ പ്രതിയായ വി ഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ രൂപപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് എ-ഐ ഗ്രൂപ്പ് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ കാണാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, പിന്നീട് ഇരു നേതാക്കളെയും പ്രതികളാക്കി സര്‍ക്കാര്‍ കേസ് റജിസ്റ്റര്‍ ചെയ്തതോടെ ഗ്രൂപ്പുകള്‍ പരസ്യപ്രതികരണങ്ങള്‍ ഒഴിവാക്കി രഹസ്യ നീക്കങ്ങളില്‍ കേന്ദ്രീകരിക്കുകയാണ്.